പരവൂർ: പരവൂർ ഒല്ലാൽ ലെവൽക്രോസിൽ മേല്പാലം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി, നിർവ്വഹണച്ചുമതല വഹിക്കുന്ന സ്ഥാപനമായ ആർ.ബി.ഡി.സി.കെ കൊല്ലം കളക്ടർക്ക് അപേക്ഷ സമർപ്പിച്ചു. ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പിന്റെ ഭരണാനുമതി ആവശ്യമാണ്. അത് ലഭിക്കുന്നതിനുള്ള തുടർ നടപടികൾ കളക്ടർ സ്വീകരി​ക്കേണ്ടതി​നാലാണ് അപേക്ഷ സമർപ്പിച്ചത്.

കൊല്ലം താലൂക്കിൽ പരവൂർ, കോട്ടപ്പുറം വില്ലേജുകളിലായി ഏകദേശം 2.15 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കളക്ടർ റവന്യ വകുപ്പിന് നൽകി ഭരണാനുമതി നേടുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കും. അതുപോലെ തന്നെ സ്ഥലമേറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസീൽദാറെ നിയമിച്ച് പാലത്തിന്റെ അലൈൻമെന്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് കേരള സർവ്വേ ആൻഡ് അതിരടയാള ആക്ട് പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഉടനുണ്ടാകും.
പരവൂർ ഒല്ലാൽ റെയിൽവേ മേൽപ്പാലത്തിന്റെ പുതുക്കിയ അലൈൻമെന്റിന് സെപ്തംബർ ആദ്യവാരം റെയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർ.ബി.ഡി.സി.കെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി രൂപരേഖ തയാറാക്കി അംഗീകാരം നേടി. തുടർന്നാണ് ഇപ്പോൾ കളക്ടർക്ക് മേൽപ്പാലം നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കാൻ അപേക്ഷ നൽകിയത്.

ഒല്ലാൽ ലെവൽക്രോസിൽ മേൽപ്പാലം നിർമ്മിക്കാൻ കിഫ്ബി വഴി 36.75 കോടി രൂപ അനുവദിച്ചിരുന്നു.

വഴി തെളിഞ്ഞതിങ്ങനെ

 നിർവ്വഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ വിശദമായ രൂപരേഖ ആദ്യം തയ്യാറാക്കി സമർപ്പിച്ചു

 എന്നാൽ റെയിൽവേ അവരുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തിയില്ല

 ഇതോടെ തുടർ പ്രവർത്തനങ്ങൾ തടസപ്പെട്ടു

 തുടർന്ന് നിയമസഭയിൽ സബ്മിഷനടക്കം അവതരിപ്പിച്ചു

 ജി.എസ്.ജയലാൽ എം.എൽ.എ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ ഇടപെട്ടു

 ഇതോടെ നിർമ്മാണം റെയിൽവെയുടെ വർക് പ്ലാനിൽ ഉൾപ്പെടുത്താൻ നടപടികളായി

 പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെയും ആർ.ബി.ഡി.സി.കെ എം.ഡി.യെയും ചുമതലപ്പെടുത്തി

 തുടർന്ന് പ്രവൃത്തി റെയിൽവെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തി.

ജനറൽ അലൈൻമെന്റ് ഡ്രോയിംഗ് തയ്യാറാക്കുന്നതിന് ആർ.ബി. ഡി.സി.കെയ്ക്ക് അനുമതി നൽകി. ഇനി സ്ഥലമേറ്റെടുക്കൽ നടപടി കൂടി പൂർത്തിയായാൽ പരവൂർ ഒല്ലാൽ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും

ജി.എസ്. ജയലാൽ എം.എൽ.എ