കൊല്ലം: കൊടിയ അഴിമതിയാണു കൊല്ലം കോർപ്പറേഷനിൽ നടക്കുന്നതെന്നും പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ളവ അതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന യു.ഡി.എഫിന്റെ കോർപ്പറേഷൻ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വിലക്കയറ്റത്തിൽ മാത്രമാണു കേരളത്തിൽ ഒന്നാം സ്ഥാനം. മാരുതി കാറിൽ കുതിരയെ കൊണ്ടുവന്ന മഹാന്മാരാണ് കോർപ്പറേഷൻ ഭരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന ഓഡിറ്റിലാണ് കോർപ്പറേഷൻ കൊല്ലം ഫെസ്റ്റിനായി ഒരു വാഹനത്തിൽ കുതിരയെ എത്തിച്ചതായി കണ്ടെത്തിയത്. കുതിരയെ എത്തിച്ച വാഹനത്തിന്റെ നമ്പർ മാരുതി കാറിന്റേതാണെന്ന് പിന്നീട് കണ്ടെത്തി. കേരളത്തിലെ അധികാര വികേന്ദ്രീകരണം അവതാളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ 56ൽ 30ൽ അധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ കൊല്ലം ഭരിക്കുന്നത് യു.ഡി.എഫ് മേയറായിരിക്കും. വാഹനജാഥ 30 ന് ശക്തികുളങ്ങരയിൽ സമാപിക്കും. നവംബർ ആദ്യ ദിവസങ്ങളിൽ കോർപ്പറേഷനിലെ ഓരോ വീടും കയറിയിറങ്ങി പ്രചാരണം നടത്തും. നവംബർ 5ന് കോർപറേഷനു മുന്നിൽ നടക്കുന്ന കുറ്റവിചാരണ സംഗമം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് നേതാക്കളായ ബിന്ദു കൃഷ്ണ, എം.കെ. ഹഫീസ്, നൗഷാദ് യൂനുസ് തുടങ്ങിയവരാണു യാത്രയ്ക്കു നേതൃത്വം നൽകുന്നത്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ജോർജ് ഡി.കാട്ടിൽ, എം.എസ്. ഗോപകുമാർ എന്നിവരാണ് ജാഥാ മാനേജർമാർ.