കരുനാഗപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഐ.ആർ.ഇ.എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ (സി.എസ്.ആർ.) ഉൾപ്പെടുത്തി ഗ്രീൻ എനർജി ഫോറത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ കാർബൺ ന്യൂട്രൽ ലിവിംഗ് - നൂതനാശയ പദ്ധതിയുടെ സമാപന സമ്മേളനം കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നടന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.കൊല്ലം, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മെന്റർ ടീച്ചേഴ്സിനും വിദ്യാലയങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ് നൽകി. ഐ.ആർ.ഇ.എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത്ത് പദ്ധതി വിശദീകരണവും ഗ്രീൻ എനർജി ഫോറം പ്രസിഡന്റ് ഡോ.വി.കെ.ദാമോദരൻ പദ്ധതി അവതരണവും നടത്തി. പ്രൊഫ. പി.ഓ.ജെ.ലബ്ബ, ഡോ.എസ്. രത്നകുമാർ, ടി.കെ.ജലാലുദ്ദീൻ മുസലിയാർ, കെ.എസ്. ഭക്തദർശൻ, വി.അജികുമാർ, ഡോ.എ.സാദിക്ക്, ഡോ.സി.അനിത ശങ്കർ, ഡോ.ബിജുന കുഞ്ഞു, എൻ.സുരേഷ് കുമാർ, എൻ.ആർ. ജോയ് എന്നിവർ സംസാരിച്ചു. രണ്ടു ജില്ലകളിൽ നിന്നുമായി 150 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.