photo
ബി.ഡി.ജെ.എസ് പത്തനാപുരം നിയോജകമണ്ഡലം തല നേതൃ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ കൊല്ലം ഈസ്റ്റ് ജില്ല കൺവീനറുമായ പച്ചയിൽ സന്ദീപിനെ നേതാക്കൾ ആദരിക്കുന്നു

പത്തനാപുരം: എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള മുന്നണി വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ ജില്ലാ ഈസ്റ്റ് കൺവീനറുമായ പച്ചയിൽ സന്ദീപ് പറഞ്ഞു. ബി.ഡി.ജെ.എസ് പത്തനാപുരം നിയോജകമണ്ഡലം തല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണം കേരളത്തെ വികസനത്തിന്റെ ശവപ്പറമ്പാക്കി മാറ്റി. യു.ഡി.എഫ്. ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ട ദുർബലമുന്നണിയായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ, 'എല്ലാവർക്കും വികസനം' എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവികസനത്തിന് നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യ സർക്കാരിനെയും സഖ്യത്തെയും ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഡി.എ. കൊല്ലം ഈസ്റ്റ് ജില്ല കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട സന്ദീപിന് ചടങ്ങിൽ പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച വരവേൽപ്പും നൽകി. ബി.ഡി.ജെ.എസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് എം.ബി.ജയസൂര്യ അദ്ധ്യക്ഷനായി. നേതാക്കളായ അലിമുക്ക് രതീഷ്, വിഷ്ണു ശിവൻകുട്ടി, പ്രിൻസ് കോക്കാട്, ഗിരീഷ് മഹേഷ്, സി.എസ്. രതീഷ്, സന്ദീപ് സോമൻ, സി. വിഷ്ണു, ശ്യാം രാജ്, പ്രദീപ് കോക്കാട് തുടങ്ങിയവർ സംസാരിച്ചു