അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി ഓഫീസ് പരിധിയിലെ വേളിക്കാട് ട്രാൻസ്ഫോർമർ സമീപത്തെ വീട്ടുകാർക്ക് ഭീഷണിയാവുന്നു. . കാഞ്ഞാവേളി മൂലയിൽ താഴത്തിൽ പലകശേരി അഴകേശൻ സൗജന്യമായി നൽകിയ സ്ഥലത്ത് സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് ചുറ്റുവേലിയൊക്കെ തകർന്ന് വീട്ടുകാരുടെ സ്വസ്ഥത കെടുത്തുന്നത്! പത്തു വർഷത്തോളം മുമ്പ് പരേതനായ അഴകേശൻ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.
36 വർഷം മുൻപ് കാഞ്ഞാവെളി- വേളിക്കാട് ഭാഗങ്ങളിൽ കയർപിരി ഫാക്ടറികളിലെ വോൾട്ടേജ് പ്രശ്നം പരിഹരിക്കാനാണ് ഈ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. ഇടംകൊടുക്കാൻ മറ്റാരും തയ്യാറാവാതെ വന്നതോടെ അഴകേശൻ ഇരുകൈയും നീട്ടി കെ.എസ്.ഇ.ബി.യെ സ്വീകരിച്ചു. പക്ഷേ, കാലങ്ങൾ പിന്നിട്ടതോടെ ട്രാൻസ്ഫോർമറിന് ചുറ്റുമുണ്ടായിരുന്ന സംരക്ഷണ വേലി തുരുമ്പെടുത്ത് തകർന്നു. ഇതോടെ അപകട ഭീതിയായി. ഇതിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കെ.എസ്.ഇ.ബിക്കാർ കണ്ടഭാവം നടിക്കുന്നില്ല. ചുറ്റുവേലി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഒട്ടേറെ തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. ട്രാൻസ്ഫോർമർ ഉള്ളതിനാൽ, ചുറ്റുമതിൽ പൂർണമായി കെട്ടാൻ കഴിയാത്ത അവസ്ഥയാണ്. മതിൽ കടന്നുപോകുന്ന ഭാഗത്താണ് ട്രാൻസ്ഫോർമർ നിൽക്കുന്നത്. വീട്ടിൽ കുട്ടികൾ ഉള്ളതും വീട്ടുകാരെ ആശങ്കപ്പെടുത്തുന്നു. ട്രാൻസ്ഫോർമറിലേക്കുള്ള പവർ കേബിളുകളുടെ പുറം ചട്ടയും ദ്രവിച്ചിട്ടുണ്ട്.
നിലവിൽ വേലി പൊളിഞ്ഞ ഭാഗത്ത് ഞങ്ങൾ തന്നെ പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ട് മറച്ചിരിക്കുകയാണ്. വേലി നവീകരിക്കാൻ നടപടി സ്വീകരിക്കുകയോ ചുറ്റുമതിൽ പൂർത്തിയാക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്നാണ് ആവശ്യം
വീട്ടുകാർ