കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിലെ 19-ാം വാർഡിൽ പാലമുക്കിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് 8 മാസത്തോളമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ചോർച്ച അടയ്ക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഒന്നര വർഷം മുമ്പാണ് ഈ ഭാഗത്ത് പൈപ്പ് സ്ഥാപിച്ചത്. എന്നാൽ കണക്ഷൻ നൽകി മാസങ്ങൾ തികയുന്നതിനു മുമ്പുതന്നെ പൈപ്പിൽ ചോർച്ചയുണ്ടായതായി നാട്ടുകാർ പറയുന്നു. അന്ന് മുതൽ ലൈനിൽ വെള്ളം വരുമ്പോഴെല്ലാം റോഡിന് മുകളിലൂടെ കടന്നുപോകുന്ന ഇരുമ്പ് പൈപ്പിൽ നിന്ന് വെള്ളം റോഡിലൂടെ ഒഴുകുകയാണ്.
നാട്ടുകാർ ആശങ്കയിൽ
കോൺക്രീറ്റ് ഇട്ട റോഡിലൂടെ വെള്ളം സ്ഥിരമായി ഒഴുകുന്നത് കാരണം ആളുകൾ തെന്നി വീഴാനും റോഡിലെ കോൺക്രീറ്റ് തകരാനും സാദ്ധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം, വെള്ളം പാഴായി ഒഴുകുന്ന ഭാഗത്തെ നിരവധി വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിച്ചിട്ടുമില്ല. ആവശ്യക്കാർ സ്വന്തം ചെലവിൽ കണക്ഷൻ സ്ഥാപിക്കണമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ ഇവിടെയുള്ള വീട്ടുകാർ അതിന് തയ്യാറായില്ല. എന്നാൽ, കൺമുന്നിൽ വെള്ളം പാഴായിപ്പോകുന്നത് കാണേണ്ടിവരുന്നതിൽ പ്രദേശവാസികൾ നിരാശരാണ്.
പരാതികൾ അവഗണിച്ചു
ആദ്യം പഞ്ചായത്തിൽ വിവരം അറിയിച്ചെങ്കിലും തുടർനടപടികൾ ഇല്ലാത്തതിനെ തുടർന്ന് വാട്ടർ അതോറിട്ടി അധികൃതരെ സമീപിച്ചതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇതുവരെയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനോ, പ്രശ്നത്തിന് പരിഹാരം കാണാനോ അധികൃതർ തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം
ഇങ്ങനെ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. ഇതിനിടയക്ക് ഒരു വട്ടം പോലും ചോർച്ച അടക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല .
പ്രദേശവാസി