കൊല്ലം: ഇല്ലം കട്ടവനെ കൊല്ലത്തിന് വേണ്ടെന്ന് കൊല്ലം കോർപ്പറേഷനിലെ ജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലംകോർപ്പറേഷനെതിരെ ജനവിരുദ്ധ നയങ്ങൾ ആരോപിച്ച് യു.ഡി.എഫ് നയിക്കുന്ന കുറ്റവിചാരണ യാത്രയുടെ രണ്ടാം ദിവസം പുന്തലത്താഴത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം നഗരത്തിൽ എൽ.ഡി.എഫ് നടത്തിയ ദീർഘവീക്ഷണവും ആസൂത്രണവുമില്ലാത്ത ഭരണം നഗരത്തിലെ ജനജീവിതം നരകതുല്യമാക്കി. നഗരവികസനത്തിനായി കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിലൂടെ അനുവദിച്ച പണം ചെലവാക്കുന്നതിലും പരാജയപ്പെട്ടു. കുട്ടികൾക്കും വയോജനങ്ങൾക്കും രോഗികൾക്കുമുളള പദ്ധതികളിൽ നഗരസഭ അഴിമതി നടത്തിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ജാഥാംഗങ്ങളായ അഡ്വ. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ്, യൂനുസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പുന്തലത്താഴത്ത് പാലത്തറ രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗത്തിൽ അഡ്വ. എ. ഷാനവാസ് ഖാൻ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, അഡ്വ. ബേബിസൺ, വിപിനചന്ദ്രൻ, എൻ. നൗഷാദ്, അൻസർ അസീസ്, ആദിക്കാട് മധു, നാസിമുദ്ദീൻ പളളിമുക്ക്, ഷറഫുദ്ദീൻ, ഉണ്ണിക്കൃഷ്ണൻ, സുൽഫിക്കർ സലാം, രാജേന്ദ്രൻ പിളള എന്നിവർ സംസാരിച്ചു.