
പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവ ഉദ്ഘാടന ചടങ്ങിനിടെ പന്തൽ തകർന്നുവീണ് രണ്ട് അദ്ധ്യാപികമാർക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇന്നലെ രാവിലെ പത്തേമുക്കാലോടെ ശക്തമായ കാറ്റിൽ പന്തലിന്റെ മേൽക്കൂര ഉയർന്നുപൊങ്ങുകയും ഒരുഭാഗം ചരിയുകയുമായിരുന്നു. അദ്ധ്യാപികമാരായ രശ്മി (40), നബീല (37) എന്നിവരെയും
അഭിരാം (14), മിലൻസുധീർ (13) എന്നീ വിദ്യാർത്ഥികളെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലും വിദ്യാർത്ഥിനി ശ്രീനന്ദയെ കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
അദ്ധ്യാപികമാർക്ക് തലയ്ക്കാണ് പരിക്ക്. ടാർപ്പോളിൽ ഷീറ്റ് ഉറപ്പിച്ചിരുന്ന പന്തലിന്റെ ഇരുമ്പ് തൂണുകൾ വീണാണ് ഇവർക്ക് പരിക്കേറ്റത്. സ്കാനിംഗിന് ശേഷം പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. വിദ്യാർത്ഥികളുടേത് നിസാര പരിക്കാണ്. കാറ്റ് ശക്തമായപ്പോൾ തന്നെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്കൂൾ കെട്ടിടത്തിലേക്ക് മാറിയിരുന്നു. അപകടമുണ്ടായ സാഹചര്യത്തിൽ കലോത്സവം മാറ്റിവച്ചു. പരവൂർ പൊലീസും പരവൂർ ഫയർഫോഴ്സും എത്തിയെങ്കിലും അതിന് മുമ്പേ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
ജി.എസ്.ജയലാൽ എം.എൽ.എ സ്കൂളിലും ആശുപത്രികളിലും എത്തി വിവരങ്ങൾ ശേഖരിച്ചു. ഡി.ഡി.ഇ സ്കൂൾ അധികൃതരിൽ നിന്ന വിശദീകരണം തേടി.