കൊല്ലം: 'ഭയത്തിന്റെയും മൗനത്തിന്റെയും കനംപേറുന്ന ഒരായിരം മനുഷ്യർക്കിടയിൽ നിന്ന് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവയെത്തി, ഭൂതകാലം ഒരു ഡയറിയിൽ ഗൂഢലിപിയിൽ ഒളിപ്പിച്ചുവച്ച മനുഷ്യൻ'- ഇ.സന്തോഷ് കുമാർ വാചാലനായപ്പോൾ 'തപോമയിയുടെ അച്ഛൻ' എന്ന വയലാർ അവാർഡ് കൃതി ആസ്വാദക സമക്ഷത്തിൽ ആഴത്തിൽ പതിയുകയായിരുന്നു.
ഇന്നലെ കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടന്ന സംവാദത്തിലാണ് പാത്രസൃഷ്ടിയും കഥയുടെ പിന്നാമ്പുറവും പിന്നെ അപ്രതീക്ഷിതമായി ലഭിച്ച പുരസ്കാര വിശേഷങ്ങളും നിറഞ്ഞത്. ഗോപാൽ ബറുവയുടെ മനസിനുള്ളിൽ തോരാതെ പെയ്യുന്ന ആ മഴയുടെ കാരണങ്ങൾ തേടിയുള്ള ചോദ്യങ്ങളും കാമ്പുള്ള ഉത്തരങ്ങളുമായി സംവാദം കൂടുതൽ ഹൃദ്യാനുഭവമായി. വേരുകൾ നഷ്ടപ്പെട്ട ഒരു ജനതയുടെ നൊമ്പരമാണ് കൊൽക്കത്തയുടെ തെരുവുകളിലൂടെ ഇ.സന്തോഷ് കുമാർ നോവലിൽ പറഞ്ഞുവച്ചത്. അച്ഛന്റെ എഴുത്തും വായനയുമാണ് തന്നെയും എഴുത്തുകാരനാക്കിയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കഥാകാരൻ അനുഭവങ്ങളുടെ കെട്ടഴിച്ചത്. നാലാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛന്റെ കൈപിടിച്ച് വായനശാലയിലെത്തിയതും ആറാം ക്ളാസുകാരനായപ്പോൾ ലൈബ്രേറിയന്റെ അസിസ്റ്റന്റായതും അങ്ങിനെ പുസ്തകങ്ങളുമായി കൂടുതൽ കൂട്ടുകൂടിയതുമൊക്കെയായിരുന്നു തുടക്കവർത്തമാനം. സ്കൂളിലെ ടീച്ചർമാരെ ഇംപ്രസുചെയ്യാനാണ് കവിതയെഴുതിത്തുടങ്ങിയത്. പിന്നെ കവിതകളുടെ ലോകത്ത് വിഹരിച്ചിട്ടാണ് കൂടുതൽ എളുപ്പവഴിയെന്ന നിലയിൽ കഥയെഴുതിത്തുടങ്ങിയതെന്ന് ഇ.സന്തോഷ് കുമാർ പറഞ്ഞു. വയലാർ അവാർഡ് പ്രതീക്ഷിച്ചതല്ല, തിരക്കിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്വകാര്യത അറ്റുപോയി, കുറച്ചുകാലം ഒപ്പം നീന്തുകതന്നെ ചെയ്യും.- എഴുത്തുകാരൻ പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം, എക്സി.അംഗം ജയൻ മഠത്തിൽ എന്നിവർ നയിച്ചു. പ്രസ് ക്ളബിന്റെ ഉപഹാരവും സമർപ്പിച്ചു.
ജോലി ഉപേക്ഷിച്ചത് എഴുതാൻ വേണ്ടി
ഇൻഷ്വറസ് കമ്പനിയിലെ മാനേജർ ജോലി ഉപേക്ഷിച്ചാണ് ഇ.സന്തോഷ് കുമാർ എഴുത്തിൽ കൂടുതൽ സജീവമായത്. 2015 വരെ എഴുതിയത് കേരള പശ്ചാത്തലമാണ്. ജോലിയുമായി ബന്ധപ്പെട്ട മറ്റ് സംസ്ഥാനങ്ങളിൽ പോയപ്പോഴൊക്കെ കണ്ടതും കേട്ടതും നേരിട്ടനുഭവിച്ചറിഞ്ഞതുമൊക്കെ കഥകളായി മാറുകയായിരുന്നു. അങ്ങിനെ മനസിൽ ഉടക്കിയ അഭയാർത്ഥികളുടെ ജീവിത നൊമ്പരമാണ് 'തപോമയിയുടെ അച്ഛൻ'! ഒപ്പം ജോലി ചെയ്തിരുന്നവരുടെ പേരുകളും കഥാപാത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. കഥമുഴുക്കെ മനസിൽ ഉണ്ടായിരുന്നുവെങ്കിലും തുടക്കം കിട്ടാതെ എഴുത്ത് നീണ്ടു.
ട്രാജഡി എഴുതാൻ ഇഷ്ടം
ദുരന്ത സ്വഭാവമുള്ളത് എഴുതാനാണ് തനിക്കേറെയിഷ്ടമെന്ന് ഇ.സന്തോഷ് കുമാർ പറഞ്ഞു. ദുഃഖ പര്യവസായിയായ പ്രമേയം സങ്കീർണമാണ്, വൈകാരികമാണ്. ഇൻഷ്വറൻസ് കമ്പനിയിലെ ജോലിയും സാഹിത്യവും തമ്മിൽ എന്ത് ബന്ധമെന്ന് ചിലർ ചോദിച്ചപ്പോൾ 'രണ്ടിലും ട്രാജഡി'യുണ്ടെന്ന് പറഞ്ഞിട്ടുമുണ്ട്.
സർഗാത്മകതയ്ക്ക് ഭീഷണിയുണ്ട്
എ.ഐ സാങ്കേതിക വിദ്യകളുടെ യുഗത്തിൽ സർഗാത്മകതയ്ക്ക് ഭീഷണിയുണ്ട്. അതിനെതിരെ ഒന്നും ചെയ്യാനുമാകില്ല. എന്നാൽ അത് എത്ര മുന്നോട്ടുപോകുമെന്ന് പറയാറായിട്ടില്ല. ഡോക്ടർ രോഗിയെ നേരിൽ കണ്ട് ചികിത്സിക്കുന്നപോലെ, എഴുത്തുകാരന്റെ ഒരു ടച്ച്, ബന്ധം, സ്പർശം ഇതൊക്കെ ഹൃദയവും മനസും ഉള്ളിടത്തോളം പിടിച്ചുനിൽക്കുമെന്നുതന്നെയാണ് പ്രതീക്ഷ.