കൊല്ലം: സർക്കാർ നടത്തുന്ന 'വിഷൻ-2031' സംസ്ഥാനതല സെമിനാറിൽ മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും പരിപാടിയുടെ സ്വാഗതസംഘം കൺവീനറുമായ എസ്.ജയമോഹൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സി.പി.എമ്മും സി.പി.ഐയും രണ്ട് പാർട്ടികളാണ്. എന്നാൽ മുന്നണി ഒന്നാണ്. മുന്നണിയിൽ അഭിപ്രായം തുറന്ന് പറയുന്നതിൽ എന്താണ് തെറ്റ്, ഒടുവിൽ ഒറ്റത്തീരുമാനമാണ് എടുക്കുക. എന്നാൽ പ്രതിപക്ഷം നടത്തുന്ന വികസന വിരോധം ശരിയായ നിലപാടല്ല. നല്ലതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. എതിർക്കാൻ വേണ്ടി മാത്രമുള്ളതല്ല പ്രതിപക്ഷം. നേതാക്കൾ എതിർത്താലും തൊഴിലാളികൾ അവർക്ക് അനുകൂല നിലപാടെടുക്കുന്നവർക്കൊപ്പമാണ്. കാഷ്യൂ കോൺക്ളേവിൽ ഇത് തെളിഞ്ഞു, ഇനി സെമിനാറിലും പ്രകടമാകും. ആർ.എസ്.പി നിലവിൽ വഴിയാധാരമാണ്. ആദ്യകാല നേതാക്കൾ എം.എൽ.എയും മന്ത്രിയുമാകാൻ വേണ്ടിയായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. ജനാധിപത്യ വേദിയിൽ വരാൻ ഇപ്പോൾ ചിലർ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണ്. എല്ലാക്കാലത്തും ഇതൊന്നും നിലനിൽക്കില്ലെന്നും എസ്.ജയമോഹൻ പറഞ്ഞു.