കരുനാഗപ്പള്ളി: വ്യാജ സ്വർണ്ണം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ രണ്ട് പ്രതികൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ അഖിൽ (28), വർക്കല കാപ്പിൽ കൊച്ചോലി തൊടിയിൽ ഷാഹുൽ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ സെപ്തംബർ 10ന് തഴവ എ.വി.എച്ച്.എസ് ജംഗ്ഷനിലുള്ള ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലാണ് പ്രതികൾ വ്യാജ സ്വർണ്ണം പണയം വെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയത്. സംഭവത്തിന് ശേഷം സംശയം തോന്നിയ സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് പണയം വെച്ചത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സ്ഥാപന ഉടമ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥാപനത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പ്രതികൾ വള്ളിക്കാവ് ഭാഗത്തുണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബിജുവിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, അമൽ, എ.എസ്.ഐ. സനീഷ് കുമാർ, എസ്.സി.പി.ഒ.മാരായ ഹാഷിം, നൗഫൽ ജാൻ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.