കൊല്ലം: ദേശീയപാത 66ൽ തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടുന്നപോകാവുന്ന അടിപ്പാത നിർമ്മിക്കുന്നതിനും ഇത്തിക്കരയിൽ ഭൂഗർഭ അടിപ്പാതയ്ക്കും സാദ്ധ്യത തെളിയുന്നു. ദേശീയപാത 66 ൽ തിരുമുക്കിൽ 7 മീറ്റർ നീളത്തിൽ രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകത്തക്ക അടിപ്പാതയും ഇത്തിക്കരയിൽ 5 മീറ്റർ നീളമുള്ള അടിപ്പാതയും നിർമ്മിക്കാനുള്ള നിർദേശം ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസ് ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
ഇത്തിക്കരയിലെയും തിരുമുക്കിലെയും ജനകീയ ആവശ്യം ഇന്നലെ ബി.ജെ.പി നേതാക്കൾ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രശ്ന പരിഹാരത്തിനുള്ള ശുപാർശ സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.
തിരുമുക്കിൽ നിലവിലുള്ള നാല് മീറ്റർ വീതിയുള്ള അടിപ്പാത രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തിക്കരയിലെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് ദേശീയപാതയുടെ മറുവശത്തേക്ക് എത്താൻ പര്യാപ്തമായി അടിപ്പാതയാണ് ഇത്തിക്കരയിൽ നിർദ്ദേശിച്ചിട്ടുള്ളത്. ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയിൽ നിർദ്ദേശം എത്തുന്ന മുറയ്ക്ക് അധികൃതരുമായി ചർച്ച നടത്തി രണ്ട് അടിപ്പാതകളും സാദ്ധ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
പരവൂർ ഉൾപ്പെടെയുള്ള പ്രദേശത്ത് നിന്നുള്ള വാഹന ഗതാഗതം ഉൾക്കൊള്ളാൻ നിലവിനെ അടിപ്പാത പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് പുതിയ അടിപ്പാത വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് തിരുവനന്തപുരത്തും ഡൽഹിയിലും നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയാണ് പുതിയ അടിപ്പാതക്കുള്ള നിർദ്ദേശം തയ്യാറാക്കിയിട്ടുള്ളത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം എന്ന നിലയിൽ അവിടെ ഉയർന്ന ജനകീയ ആവശ്യം ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് പുതിയ അടിപ്പാതകൾക്കുള്ള നിർദ്ദേശം ഉണ്ടായത്. ബി.ജെ.പിയുടെ ഇടപെടലിനെ തുടർന്നാണ് നേരത്തെ കൊട്ടിയത്തും ചാത്തന്നൂരും പാരിപ്പള്ളിയിലും ഫ്ലൈ ഓവർ സ്പാനുകളുടെ എണ്ണം വർദ്ധിപ്പിച്ചത്.
ബി.ബി. ഗോപകുമാർ
ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ്