park-

തൃശൂർ: ഇന്ത്യയിൽ ആദ്യമായി പ്രകൃതിക്ക് ഇണങ്ങുന്ന വിധം രൂപകല്പന ചെയ്ത സുവോളജിക്കൽ പാർക്ക് പുത്തൂരിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുക്കുമ്പോൾ, മൺമറഞ്ഞ മഹാകവിയുടെ സ്വപ്നത്തിനും സാഫല്യം. തൃശൂർ മൃഗശാലയുടെ ശതാബ്ദി (1985) ആഘോഷവേളയിൽ, തിങ്ങിനിറഞ്ഞ കൂടുകളിൽ മാനുകൾ ചത്തുവീണപ്പോഴായിരുന്നു വൈലോപ്പിള്ളി വിശാലമായ പാർക്ക് സ്വപ്നം കണ്ടത്.


മാനുകൾ തലതല്ലി ചത്തതും പട്ടികൾ കടിച്ചുവലിച്ചതും കണ്ട് കാവ്യഹൃദയം പിടഞ്ഞപ്പോൾ 'കൃഷ്ണമൃഗങ്ങൾ' എന്ന കാവ്യമായി. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഡോ.സുകുമാർ അഴീക്കോടും പിന്തുണച്ചു. പുത്തൂരിൽ മൃഗശാല സ്ഥാപിക്കാമെന്ന് 1994ൽ സർക്കാർ നിർദ്ദേശമുണ്ടായി. മൂന്നരപതിറ്റാണ്ടായുള്ള ആ സ്വപ്നം സഫലമാകുന്ന ഉദ്ഘാടന ആഘോഷങ്ങൾക്ക് കൊടിയേറി. മന്ത്രി കെ.രാജൻ പതാക ഉയർത്തി.പത്ത് ദിവസം പുത്തൂരിൽ ഉത്സവമേളമാണ്. വിദേശരാജ്യങ്ങളിൽ നിന്നും തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളെയും പുത്തൂരിലെത്തിക്കുന്ന നടപടികൾ പുരാേഗമിക്കുകയാണ്.

പ്രവേശനം ബുക്ക്

ചെയ്യുന്നവർക്ക്


ആദ്യ രണ്ടു മാസം പ്രവേശനത്തിന് മുൻകൂട്ടി ബുക്ക് ചെയ്യണം. വിദ്യാർത്ഥികൾക്കാണ് മുൻഗണന. ഉദ്ഘാടനത്തിന് ശേഷം പാർക്കിന്റെ ഇ മെയിലിൽ സ്‌കൂൾ അധികൃതർക്ക് അപേക്ഷിക്കാം. ആദ്യദിവസങ്ങളിൽ അമ്പത് പേരെയും പിന്നീട് കൂടുതൽ പേരെയും പ്രവേശിപ്പിക്കും. ജനുവരിയോടെ എല്ലാവർക്കും പ്രവേശനം. മൃഗങ്ങൾക്ക് ആവാസവ്യവസ്ഥയുമായും സന്ദർശകരുമായും പൊരുത്തപ്പെടാനാണ് ട്രയൽ റൺ.

കുട്ടികൾക്ക് അരുമ

മൃഗങ്ങളെ അടുത്തറിയാം

സ്വാഭാവിക ആവാസസ്ഥലങ്ങളിൽ മൃഗങ്ങളെ
ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാം.
കുട്ടികൾക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാൻ പെറ്റ് സൂ, രാജ്യങ്ങളിലെ സഫാരി സൂ അനുഭവങ്ങൾ കാണാനുള്ള വെർച്വൽ സൂ, വ്യത്യസ്തയിനം മാനുകളെ അടുത്തറിയാനുള്ള ഡിയർ സഫാരി പാർക്ക് എന്നിവ സജ്ജമാക്കിവരുകയാണ്.

വിസ്തൃതി: 336 ഏക്കർ

ആവാസ ഇടങ്ങൾ: 24

ചെലവഴിച്ചത്: 370.5 കോടി

കിഫ്ബി ഫണ്ട്: 330.5 കോടി

പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികൾ: 700 ലേറെ

``സുവോളജിക്കൽ പാർക്കിലെ വികസനത്തിന്റെ ഭാഗമായി ഇനിയും പുതിയ ആശയങ്ങൾ അതിലേക്ക് ചേർന്നുവരണം.``

കെ.രാജൻ,
റവന്യൂമന്ത്രി