എരുമപ്പെട്ടി : എരുമപ്പെട്ടി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ഇനി സൗജന്യ ഇന്റർനെറ്റ് വൈഫൈ കണക്്ഷൻ. പഞ്ചായത്തിലെ അഞ്ച് എയ്ഡഡ്, രണ്ട് സർക്കാർ സ്കൂളുകളിലാണ് പഞ്ചായത്ത് ഭരണ സമിതി മൂന്ന് ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയത്. കെ ഫോണിന്റെ ഇന്റർനെറ്റാണ് കേരളവിഷനിലൂടെ ലഭ്യമാക്കുന്നത്. നേരത്തെ ആറ് വായനശാലകളിലും ഇന്റർനെറ്റ് കണക്്ഷൻ ലഭ്യമാക്കിയിരുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കുള്ള വൈഫൈ കണക്്ഷൻ പദ്ധതി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആന്തരികമായ കഴിവുകളെ കണ്ടെത്തുക എന്നതാണ് ആധുനിക വിദ്യാഭ്യാസത്തിൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കർത്തവ്യമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസം പരിപാടിയിൽ ഭരണഘടന ചുമർ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബിന്ദു ഗിരീഷ്, സുമന സുഗതൻ, ഷീജ സുരേഷ്, ഡോ.വി.സി.ബിനോജ്, എം.കെ.ജോസ്, കെ.ബി.ബബിത, പി.എം.സജി, എൻ.പി.അജയൻ, ഇ.എസ്.സുരേഷ്, സുധീഷ് പറമ്പിൽ, സുജിനി, സുശാന്ത് എന്നിവർ പങ്കെടുത്തു.