zebra-line
സീബ്ര ലൈൻ

കൊടുങ്ങല്ലൂർ: ഗതാഗത തിരക്കേറിയ വടക്കേനടയിൽ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലുള്ള പി.ഡബ്ല്യു.ഡി റോഡിലെ സീബ്രാലൈൻ മാഞ്ഞുപോയിട്ട് വർഷത്തിലധികമായി. ഇതുമൂലം സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. പി.ഡബ്ല്യു.ഡി അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം വിദ്യാലയത്തിലെ പി.ടി.എ ഭാരവാഹികൾ തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. എസ്.പിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ സീബ്രാലൈൻ വരച്ചു. കൊടുങ്ങല്ലൂർ സബ് ഇൻസ്‌പെക്ടർ കെ.സാലിം, ജനമൈത്രി പൊലീസ് സമിതി അംഗങ്ങളായ കെ.പി.സുനിൽ കുമാർ, ഉണ്ണി പണിക്കശ്ശേരി, രണദീപൻ, പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ, എസ്.എം.സി ചെയർമാൻ അസീസ് പുഞ്ചപ്പാടത്ത്, പി.ആർ.ബാബു, പി.ടി.എ, എസ്.എം.സി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.