മണ്ണുത്തി: വിരമിച്ചവർക്കുള്ള ആനുകുല്യങ്ങൾ പോലും നൽകാൻ പണമില്ലെന്നിരിക്കെ വെറ്ററിനറി സർവകലാശാലയിൽ സ്ഥിരാദ്ധ്യാപക നിയമനത്തിന് ശ്രമമെന്ന് ആരോപണം. പുതുതായി നൂറോളം അദ്ധ്യാപകരെ നിയമിക്കാനാണ് അധികൃതർ തീരുമാനമെടുത്തിട്ടുള്ളത്. ഇവരുടെ ശമ്പളച്ചെലവ് മാത്രം മാസത്തിൽ ഒരു കോടി രൂപയിലധികം വരും. ഈ തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുമില്ല. വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ചോ മറ്റു നടപടികൾ മുഖേനയോ പ്രസ്തുത തുക കണ്ടെത്തണമെന്നാണ് അധികൃതഭാഷ്യം. കഴിഞ്ഞ ചില മാസങ്ങളായി ഉദ്യോഗസ്ഥർക്ക് 15ന് ശേഷമാണ് ശമ്പളം ലഭിക്കുന്നതെന്നും സംഘടനകൾ പറയുന്നു. പെൻഷനും മറ്റാനുകൂല്യങ്ങളും നിറുത്തിവച്ചാൽ പോലും ശമ്പളം കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് ഭാവിയിൽ വരുന്നതെന്നും ഇവർ പറയുന്നു. തൊഴിലാളികളുടെ അഭാവം മൂലം പ്രവർത്തനങ്ങൾ തടസപ്പെടുന്ന സർവകലാശാലയിൽ തൊഴിലാളി നിയമനമോ സ്ഥിരപ്പെടുത്തലോ നടത്താനുള്ള യാതൊരുവിധ ശ്രമവും നടക്കുന്നില്ലെന്നും വിവിധ സംഘടനകൾ പറയുന്നു.