കൊടുങ്ങല്ലൂർ : കയ്പമംഗലം പഞ്ചായത്ത് നിവാസികൾക്ക് ആശ്രയമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പ്രൗഢിയോടെ പുതുജീവൻ. ഇ.ടി.ടൈസൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 42 ലക്ഷം വിനിയോഗിച്ചാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.
1,600 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടത്തിൽ ഡോക്ടേഴ്‌സ് റൂം, നഴ്‌സിംഗ് റൂം, പ്രതിരോധ വാക്‌സിൻ നൽകാനുള്ള സൗകര്യം, പ്രാഥമിക ചികിത്സാ സൗകര്യം ഉൾപ്പെടെ ആവശ്യ സേവനങ്ങൾ നൽകാനാകും വിധത്തിലാണ് നിർമ്മാണം. 58 വർഷത്തോളം പഴക്കമുള്ള പഞ്ചായത്തിലെ ഇരുപതാം വാർഡായ കൂരിക്കുഴിയിൽ നിലകൊള്ളുന്ന ആരോഗ്യ കേന്ദ്രമാണ് പുതിയ രൂപഭാവത്തിൽ നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുന്നത്.
ആറ് പതിറ്റാണ്ടോളം പഴക്കമുള്ളതിനാൽ ജീർണാവസ്ഥയിലായിരുന്നു കെട്ടിടം. ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികളുടെ ആവശ്യപ്രകാരമാണ് കെട്ടിടം നവീകരിച്ചത്. ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം മൂന്നിന് രാവിലെ പത്തിന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എസ്.ജയ, കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.