ചാലക്കുടി: തുമ്പൂർമുഴിയിൽ കുട്ടികളുടെ പാർക്കിൽ കാന്റീൻ നിറുത്തിയതും പ്രവേശന കവാടത്തിലെ കടകൾ വനപാലകർ അടപ്പിച്ചതുമൂലവും വിനോദ സഞ്ചാരികൾ ഭക്ഷണമില്ലാതെ വലയുന്നു. പൂജ അവധി ദിവസങ്ങളിൽ എത്തിയ നൂറു കണക്കിന് ആളുകളാണ് ഉച്ചയ്്ക്ക് ഭക്ഷണത്തിനു വേണ്ടി പരക്കംപാഞ്ഞത്. മൂന്നു കിലോ മീറ്റർ അകലെ വെറ്റിലപ്പാറ 13 ൽ എത്തിയാണ് പലരും വിശപ്പടക്കിയത്. ബസിൽ എത്തിയ വിനോദ സഞ്ചാരികൾകളാണ് ഏറെ ബുദ്ധിമുട്ടിയത്. പുറത്ത് നിന്ന് ഇലയിലും കടലാസിലും പൊതിഞ്ഞുകൊണ്ടുവരുന്ന ഭക്ഷണമാണ് ജീവനക്കാരുടെ അനുമതിയോടെ കഴിക്കാൻ അനുവദിക്കൂ. ശീതള പാനീയങ്ങളും ലഘു ഭക്ഷണങ്ങളും മാത്രം ലഭിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്ന കാന്റീനാണ് ആളുകളുടെ ഏക ആശ്രയം. ഇവിടെ ഊണ് അടക്കമുള്ള ഭക്ഷണം വിൽക്കരുതെന്നാണ് നിബന്ധന. ഡി.ടി.പി.സിയുടെ കീഴിൽ ഡി.എം.സിയാണ്്് പാർക്കിലെ കാന്റീൻ ലേലം ചെയ്യാറുള്ളത്്. പ്രതിമാസം പതിനയ്യായിരം രൂപ വാടകയും പകുതി തുക മുൻകൂറും നൽകണമെന്ന വ്യവസ്ഥയിൽ കാന്റീൻ നടത്തിപ്പിന് എത്തിയ പലരും പിൻവാങ്ങി. പാർക്കിന് പുറത്ത് സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന ചെറിയ തോതിലുള്ള ഭക്ഷണ ശാലകൾ സ്ഥലം തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി വനപാലകർ ഒഴിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലാണ്.

കടുംപിടുത്തത്തിൽ വലഞ്ഞ്

ഡി.എം.സിയുടെ നിബന്ധനകൾ പ്രകാരം കാന്റീനിന്റെ നടത്തിപ്പ് എടുക്കുന്നവർക്ക് സ്ഥിരമായി 15,000 രൂപ വാടക നൽകാൻ കഴിയില്ലെന്ന്് പാർക്കിൽ എത്തുന്നവർ പറയുന്നു. അവധിക്കാലത്തും ശനി,ഞായർ ദിവസങ്ങളിലുമാണ് പാർക്കിൽ കൂടുതൽ തിരക്ക്. മഴക്കാലത്തും മറ്റു ദിവങ്ങളിലും വിനോദ സഞ്ചാരികൾ കുറയും. എന്നിട്ടും കടുംപിടുത്തം പിടിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. നേരത്തെ കാന്റീൻ ലേലം ചെയ്ത കുടുംബശ്രീ, വെറ്റിലപ്പാറ വിമുക്തഭട സഹകരണ സംഘം, സ്വകാര്യ വ്യക്തികൾ എന്നിവരെല്ലാം വൻ നഷ്ടത്തെ തുടർന്ന്് ഉദ്യമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

തുമ്പൂർമുഴി ഗാർഡനിൽ ഭക്ഷണം ലഭിക്കുന്നില്ല. വിനോദ സഞ്ചാരികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യമില്ല. എത്രയും വേഗം നടപടി വേണം.
കെ.കെ.ശ്യാമകളൻ
പൊതു പ്രവർത്തകൻ.