തൃശൂർ: സംസ്ഥാനത്ത് സ്കൂളുകളിൽ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ആവശ്യത്തിന് കായികാദ്ധ്യാപകരില്ലാതെ പരിശീലനം മുടന്തുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 39.43 ലക്ഷം വിദ്യാർത്ഥികൾ. കായികാദ്ധ്യാപകരുടെ എണ്ണം 1,869 മാത്രം. സർക്കാർ മേഖലയിൽ 616. എയ്ഡഡിൽ 1253.
കായികാദ്ധ്യാപക തസ്തികയുള്ളത് യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ മാത്രം. എൽ.പി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അനുവദിച്ചിട്ടില്ല. ഈ വിഭാഗങ്ങളെല്ലാം ഒന്നിച്ചുള്ള സ്‌കൂളുകളിൽ യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കായികാദ്ധ്യാപകരുടെ കനിവിലാണ് പരിശീലനം. ആവശ്യത്തിന് കായികാദ്ധ്യാപകരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചും സംരക്ഷണം ആവശ്യപ്പെട്ടും സംയുക്ത കായികാദ്ധ്യാപക സംഘടന കായികമത്സര നടത്തിപ്പിൽ നിന്നു വിട്ടുനിൽക്കുകയാണ്.
യു.പി വിഭാഗത്തിൽ 500 കുട്ടികളുണ്ടെങ്കിലാണ് തസ്തിക അനുവദിക്കുക. ഹൈസ്‌കൂളിൽ എട്ട്, ഒൻപത് ക്ലാസിലായി ചുരുങ്ങിയത് അഞ്ച് ഡിവിഷനെങ്കിലും വേണം. 1986ലെ ടൈംടേബിൾ പ്രകാരമാണ് തസ്തിക അനുവദിക്കുന്നത്. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, യു.പിയിൽ 300 വിദ്യാർത്ഥികൾക്ക് ഒരു കായികാദ്ധ്യാപകൻ എന്ന രീതിയിലും, ഹൈസ്‌കൂളിൽ പത്താംക്ലാസ് പരിഗണിച്ചും തസ്തിക അനുവദിക്കാൻ ധാരണയായെങ്കിലും നടപ്പിലായില്ല.
കായികാദ്ധ്യാപക തസ്തിക
(വിഭാഗം, വിദ്യാർത്ഥികൾ,
അദ്ധ്യാപകർ ക്രമത്തിൽ)
എൽ.പി........................... 10.13 ലക്ഷം, 0
യു.പി................................ 9.88 ലക്ഷം, 394
ഹൈസ്‌കൂൾ....................11.60 ലക്ഷം, 1,475
ഹയർ സെക്കൻഡറി.......7.25 ലക്ഷം, 0
വി.എച്ച്.എസ്.ഇ...............56,073, 0
കൂടുതൽ മലപ്പുറത്ത്
കുറവ് പത്തനംതിട്ടയിൽ
ഏറ്റവുമധികം കായികാദ്ധ്യാപകരുള്ളത് മലപ്പുറം ജില്ലയിൽ 270. കുറവ് പത്തനംതിട്ടയിൽ- 58. മറ്റു ജില്ലകളിൽ: തിരുവനന്തപുരം 170, കൊല്ലം 134, ആലപ്പുഴ 71, കോട്ടയം 90, ഇടുക്കി 73, എറണാകുളം 175, തൃശൂർ 184, പാലക്കാട് 146, കോഴിക്കോട് 194, വയനാട് 67, കണ്ണൂർ 143, കാസർകോട് 94.
''തസ്തിക നഷ്ടത്തെ തുടർന്ന് സർവീസിൽ നിന്നും പുറത്തായ കായികാദ്ധ്യാപകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം
-വി.സജാത് സാഹിർ,
ജനറൽ സെക്രട്ടറി,
ഡി.പി.ഇ.ടി.എ