kulam-

തൃശൂർ: കോർപറേഷൻ വടൂക്കര ഡിവിഷനിൽ ശ്മശാനത്തിന് പിന്നിലുള്ള പുത്തൻകുളം കാടുപിടിച്ചും പുല്ല് നിറഞ്ഞും ഉപയോഗശൂന്യമായതിനു പിന്നാലെ ഭീതിപരത്തി മലമ്പാമ്പുകളും. മുൻകാലങ്ങളിൽ നാട്ടുകാർ കുളിക്കാനും പാടത്തേക്കുള്ള ജലസേചനത്തിനും മറ്റും ആശ്രയിച്ചിരുന്ന പുത്തൻകുളമാണ് വർഷങ്ങളായി നാശത്തിന്റെ വക്കിലായത്. കുളം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കോർപറേഷൻ മേയർക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പണി തുടങ്ങിയില്ല. ഈ ഫണ്ട് കുറവാണെന്ന് ചൂണ്ടിക്കാട്ടി റോഡ് പണിക്കായി വക മാറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. വഴിയാത്രക്കാരും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനാൽ കുളത്തിലെ വെള്ളവും മലിനമാണ്. കുളമാണോയെന്ന് പോലും തിരിച്ചറിയാൻ പറ്റാതായി. രണ്ട് തവണയാണ് കുളത്തിൽ നിന്ന് മലമ്പാമ്പിനെ പിടിച്ചത്. ജനവാസകേന്ദ്രമാണിത്. കിട്ടിയ പണം കൊണ്ട് കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ജനങ്ങളുടെ പരാതി കോർപറേഷൻ ഭരണസമിതി പരിഗണിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

പുത്തൻകുളം നവീകരണം പരിഗണിക്കണമെന്ന് കോർപറേഷൻ ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

-പി.വി.അനിൽകുമാർ, വാർഡ് കൗൺസിലർ, വടൂക്കര.