1
1

കൊടുങ്ങല്ലൂർ : തുടർച്ചയായി വള്ളക്കാരുടെ വലയും മീനും നഷ്ടമാകുന്നതിനാൽ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾക്ക് ഭയം. പുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്നും കടലിൽ പതിച്ച കണ്ടെയ്‌നറുകളിൽ വലകൾ കുരുങ്ങി മത്സ്യത്തൊഴിലാളികളുടെ വല നശിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

കൊച്ചിയിൽ നിന്നും പതിനെട്ട് നോട്ടിക്കൽ മൈൽ അകലെ കടലിലാണ് അഴീക്കോട് നിന്നും പോകുന്ന വലിയ വള്ളങ്ങൾ ഇപ്പോൾ മത്സ്യബന്ധനം നടത്തുന്നത്. ഇവർക്കാണ് ഇത്തരത്തിലുള്ള ദുരനുഭവം.കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന വള്ളത്തിലെ വല കണ്ടെയ്‌നറിൽ കുരുങ്ങി നശിച്ചു. മീനുകൾ കടലിൽ മുങ്ങിത്താഴ്ന്നു. 12 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

വല നഷ്ടമാകുന്നത് മൂലം തൊഴിൽ ദിനങ്ങളും നഷ്ടപ്പെടുന്നതായാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ പ്രദേശത്തെ നാലു വള്ളങ്ങൾക്കാണ് ഇത്തരത്തിൽ വല നശിച്ചതും മീൻ നഷ്ടപ്പെട്ടതും.

കടലിൽ പാറക്കൂട്ടങ്ങൾ ഉണ്ടെങ്കിലും വള്ളത്തിൽ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനം വഴി തിരിച്ചറിയാം. അതിനാൽ അത്തരത്തിലുള്ള അപകട സാദ്ധ്യതാ സ്ഥലങ്ങൾ ഒഴിവാക്കിയാണ് വലയെറിയുന്നത്. എന്നാൽ കടലിനടിയിൽ പതിച്ചിട്ടുളള കണ്ടെയ്‌നറുകൾ കണ്ടെത്താൻ പ്രയാസമാണ്. അപകടത്തിൽപ്പെട്ട വള്ളക്കാർ ഇതു സംബന്ധിച്ച് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.