ഗുരുവായൂർ: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയ മഹോത്സവം അഞ്ച് മുതൽ 10 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. നയനം നാരായണീയം, ഭവനം നാരായണീയം, പുരസ്‌കാര സമർപ്പണം, സാന്ത്വനം നാരായണീയം എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും. ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്ര മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, എൽ.മുരുകൻ, സുരേഷ് ഗോപി, പോണ്ടിച്ചേരി മന്ത്രി കെ.ലക്ഷ്മീനാരായണൻ, ആർ.എസ്.എസ് പ്രജ്ഞാ പ്രവാഹ് പ്രമുഖ് ജെ.നന്ദകുമാർ, ശോഭാ സുരേന്ദ്രൻ തുടങ്ങിയർ വിവിധ പരിപാടികളിൽ പങ്കെടുക്കും. ദേശീയ ജനറൽ സെക്രട്ടറി ഹരി മേനോൻ, സംസ്ഥാന ട്രഷറർ ആർ.നാരായണ പിള്ള, ജനറൽ കൺവീനർ ബാബുരാജ് കേച്ചേരി, അരുൺ ബാബു കെ. നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.