പുതുക്കാട്: അച്ഛനെ വെട്ടി ആത്മഹത്യാ ഭീഷണി മുഴക്കി ഇരുകൈകളിലും കത്തിയുമായി പുരപ്പുറത്ത് നിന്ന മകനെ നാലു മണിക്കൂറിന് ശേഷം ബലം പ്രയോഗിച്ച് കീഴടക്കി പൊലീസും ഫയർഫോഴ്സും. മുത്രത്തിക്കര മേക്കാടൻ വീട്ടിൽ ശിവനെ(70) വെട്ടിയ മകൻ വിഷ്ണുവിനെയാണ്(35) പിടികൂടിയത്. ഇന്നലെ വൈകിട്ട് രണ്ടോടെ മുത്രത്തിക്കരയിലെ ശിവക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ശിവനും കുടുംബവും കഴിഞ്ഞ അഞ്ച് വർഷമായി ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ശിവൻ ഓട്ടോ ഡ്രൈവറും വിഷ്ണു ആയുർവേദ സെന്ററിൽ ഉഴിച്ചിൽകാരനുമാണ്. വിഷ്ണുവിന് മാനസികാസ്വാസ്ഥ്യമുള്ളതിനാൽ രണ്ട് മാസമായി വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. പൂജയ്ക്കായി വീടിന്റെ മുകൾ നിലയിലായിരുന്നു വിഷ്ണുവിന്റെ താമസം. മാനസികാസ്വാസ്ഥ്യം തുടങ്ങിയതോടെ, ശിവനെയും ഭാര്യ ലതികയെയും വഴക്കുണ്ടാക്കി പുറത്താക്കി. രണ്ടുമാസമായി ഇരുവരും മകൾക്കൊപ്പമാണ് താമസം. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനായി രേഖകളെടുക്കാൻ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ ശിവൻ രേഖകൾ കാണാതായപ്പോൾ വിഷ്ണുവിനോട് അന്വേഷിച്ചു. കിണറ്റിലെറിഞ്ഞെന്ന് മറുപടി പറഞ്ഞതോടെ, അച്ചനും മകനും തമ്മിൽ തർക്കമായി. തർക്കത്തിനിടെ വിഷ്ണു ശിവനെ വെട്ടി. ഒഴിഞ്ഞുമാറിയതിനാൽ ലതികയ്ക്ക് വെട്ടേറ്റില്ല.