arrested

വടക്കാഞ്ചേരി: 14 വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 45കാരന് 31 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം ആദ്യശ്ശേരി ചെറുകര പാറമേൽ സിഹബത്തുള്ളയെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതി ജഡ്ജ് ആർ.മിനി ശിക്ഷിച്ചത്. അതിജീവിത പിതാവിനൊപ്പം എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിലെ പന്നിത്തടത്തുള്ള സിദ്ധനായ ഒന്നാം പ്രതിയെ കാണാനെത്തിയ സമയങ്ങളിൽ പ്രതിയുടെ വീട്ടിൽ വച്ച് ഒന്നിലധികം തവണ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി മാതാവിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യം കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ വനിത സി.പി.ഒ: ഷൈലജ രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ സജീഷ്‌കുമാർ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻസ്‌പെക്ടർ കെ.നൗഫൽ അന്വേഷണം നടത്തിയ കേസ് പിന്നീട് എരുമപ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ റിജിൻ എം.തോമസ് വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതി്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ.സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്‌സോ കോടതി ലൈസൺ ഓഫീസർ പി.ആർ.ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.