sa

ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 28ന് നടക്കുകയാണ്. അന്ന് വെെകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കുമ്പാേൾ മൂന്നരപതിറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്. അതെ, തുറക്കുന്നത് കേരളത്തിന്റെ സ്വന്തം 'ഡ്രീംപാർക്ക്" ആണെന്ന് പറയാം. കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മൃഗങ്ങളെ പുതുവർഷത്തിന് മുൻപേ ഇവിടെ എത്തിക്കും. സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡകളും ആറുമാസത്തിനകം പാർക്കിലെത്തും. ഒക്ടോബർ 28ന് ശേഷം രണ്ടുമാസം ട്രയൽ റണ്ണാണ്. ഈ കാലയളവിൽ പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തും. തിരക്കുണ്ടാകുമ്പോൾ മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണിത്. മനുഷ്യരുമായി ഇണങ്ങിച്ചേരുന്നതോടെ ജനുവരി മാസത്തോ ടെ എല്ലാവർക്കും പ്രവേശനമുണ്ടാകും. അടുത്ത വേനലവധിക്കാലത്ത് കുട്ടികൾക്ക് ഇവിടെ ആഘോഷമാക്കാം.

പുത്തൂർ വിദേശമൃഗങ്ങൾക്കും അനുകൂലം

ധാരാളം കുറ്റിച്ചെടികൾ പോലെയുള്ള കുറ്റിക്കാടുകൾ അടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് എലാൻഡകൾ കഴിയുക. അതുകൊണ്ട് പുത്തൂർ ഇവയ്ക്ക് അനുയോജ്യമാകും. പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാണ് സാധാരണ മൃഗങ്ങളെയെത്തിക്കാറുള്ളത്. പക്ഷേ, നിർമ്മാണത്തിന് കാലതാമസമുണ്ടായതോടെ തൃശൂർ മൃഗശാലയിൽ നിന്ന് വേഗം മൃഗങ്ങളെ എത്തിക്കുകയായിരുന്നു. ഭൂരിഭാഗം മൃഗങ്ങളും തൃശൂരിൽ നിന്ന് പുത്തൂരിൽ എത്തിക്കഴിഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി പാർക്കിനുള്ളിൽ പ്രഭാതനടത്തം, മൃഗശാലയുടെ മുന്നിൽ നിന്നാരംഭിക്കുന്ന മിനി മാരത്തൺ, സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള യാത്ര, ഭിന്നശേഷി വിഭാഗക്കാരുടെ പാർക്ക് സന്ദർശനം, അങ്കണവാടി ജീവനക്കാർക്കായുള്ള പാചകമത്സരം തുടങ്ങിയവയുണ്ടാകും. കുടുംബശ്രീയുടെ ഫുഡ്ഫെസ്റ്റും 25ന് വൈകീട്ട് സാംസ്കാരിക വിളംബര റാലിയും സാംസ്കാരിക സംഗമവും 26ന് രണ്ടു മുതൽ തദ്ദേശീയ കലാപരിപാടികളും 27ന് കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും. 28ന് മൂന്നിന് രണ്ടു കേന്ദ്രങ്ങളിൽ നിന്നായി ആരംഭിക്കുന്ന ഘോഷയാത്രയോടെ പ്രവർത്തനോദ്ഘാടനച്ചടങ്ങുകൾ തുടങ്ങും.

പാർക്കിന്റെ വിസ്തൃതി 363 ഏക്കറാണ്. ആവാസങ്ങൾ 24 എണ്ണമുണ്ട്. പാർക്ക് തുറക്കുമ്പോൾ പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികൾ 700 ലേറെയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണിത്. ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളാണ് പാർക്കിന്റെ മുഖ്യ ആകർഷണീയത. ഹോളോഗ്രാം സൂ, പെറ്റ് സൂ, ഡിയർ സഫാരി പാർക്ക്... അങ്ങനെ ഇന്നേവരെ കാണാത്ത കാഴ്ചകൾ.

പതിറ്റാണ്ടുകളുടെ

കാത്തിരിപ്പ്

പാർക്ക് സഫലമാകുമ്പാേൾ ഓർക്കേണ്ട ഒരു സംഘടനയും പേരുമുണ്ട്. അത് ഫ്രണ്ട്‌സ് ഒഫ് സൂവും അതിന്റെ സെക്രട്ടറി എം. പീതാംബരൻ മാസ്റ്ററുമാണ്. പാർക്ക് നിർമ്മാണത്തിന്റെ ഓരോ വേളകളിലും ആ സംഘടനയും അദ്ദേഹവും നിരന്തരം ഇടപെട്ടിരുന്നു.

തൃശൂർ മൃഗശാലയിലെ ഇടുങ്ങിയ കൂടുകളിൽ പക്ഷിമൃഗാദികൾ അനുഭവിച്ചിരുന്ന ദുരിതങ്ങൾ കാണുമ്പോൾ എല്ലാ മഹത്വവും ധാർമികതയും ചോർന്നു പോകുമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

വന്യമൃഗങ്ങളെ കൂട്ടിലടച്ച് ബുദ്ധിമുട്ടിക്കുന്നതിനോട് ഗാന്ധിമാർഗ- സർവോദയ മനസുള്ളവർക്ക് ഒരിക്കലും അനുകൂലിക്കാനാവില്ല. മനുഷ്യരുടെ ആനന്ദത്തിനു വേണ്ടിയും ഗവേഷണങ്ങൾക്ക് വേണ്ടിയും മൃഗങ്ങളെ കൂട്ടിലടക്കുമ്പോൾ അവയ്ക്ക് പരമാവധി മെച്ചപ്പെട്ട ആവാസ സംവിധാനം ഒരുക്കിക്കൊടുക്കേണ്ടതും മനുഷ്യന്റെ ഉത്തരവാദിത്തമാണ്. ഇത്തരമൊരു ധാർമികതയുടെ അടിസ്ഥാനത്തിലാണ് തൃശൂർ മൃഗശാലയിൽ ഇടുങ്ങിയ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസസ്ഥാനം ഉണ്ടാക്കിക്കൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തയുണ്ടായത്. കൂട്ടിലടച്ച മൃഗങ്ങളെ പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടാൽ അവയ്ക്ക് അധികകാലം ജീവിക്കാനാകില്ലെന്ന തിരിച്ചറിവും ഇതിന്റെ പിന്നിലുണ്ടായിരുന്നു. തൃശൂർ മൃഗശാല വിപുലീകരിക്കണമെന്ന് കാലാകാലങ്ങളിൽ പ്രകൃതി സ്‌നേഹികളും മൃഗസ്‌നേഹികളും സാംസ്‌കാരിക പ്രവർത്തകരുമെല്ലാം ആവശ്യപ്പെട്ടിരുന്നു.


തൃശൂർ മൃഗശാലയുടെ ശതാബ്ദിവേളയിൽ (1985) മൃഗശാലയിൽ ഏതാനും കൃഷ്ണമൃഗങ്ങൾ ചാകാൻ ഇടയായപ്പോഴാണ് മൃഗശാല നഗരത്തിന് പുറത്തേക്ക്, കൂടുതൽ വിസ്തൃതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായത്. പട്ടണത്തിന്റെ ബഹളത്തിനിടയിൽ കേവലം 13 ഏക്കർ സ്ഥലത്താണ് അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾ ഇടുങ്ങിയ കൂടുകളിൽ നരകയാതന അനുഭവിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും തൃശൂരുകാരനുമായ സി. അച്ചുതമേനോൻ, ഡോ. സുകുമാർ അഴീക്കോട് എന്നിവർ ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു. ഈ സന്ദർഭത്തിലാണ് ഗാന്ധിമാർഗ്ഗ പ്രവർത്തകരും മൃഗസ്‌നേഹികളുമായ ഏതാനും വ്യക്തികൾ തൃശൂർ മൃഗശാലയിലെത്തി സുവോളജിക്കൽ പാർക്കിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചത്. ഇതേത്തുടർന്ന് അന്നത്തെ മൃഗശാല സൂപ്രണ്ടായിരുന്ന കെ. രവീന്ദ്രൻ ഇതിനായുള്ള രേഖകൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർ പ്പിച്ചു. പരിശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുവേണ്ടി ഫ്രണ്ട്‌സ് ഒഫ് സൂ എന്ന ഒരു അനൗപചാരിക സംഘടനയും രൂപീകരിച്ചു. ആദ്യകാലത്ത് ഫ്രണ്ട്‌സ് ഓഫ് സൂ യോഗങ്ങളിൽ ജില്ലാകളക്ടർമാരാണ് അദ്ധ്യക്ഷത വഹിച്ചിരുന്നത്. അതാതുകാലത്തെ ജില്ലാ കളക്ടർമാരുടെ സമ്പൂർണ്ണ പിന്തുണയോടുകൂടി മൃഗശാല ഉപദേശകസമിതിയുടെ സഹകരണത്തോടെ ഫ്രണ്ട്‌സ് ഓഫ് സൂ മൃഗശാല വിപുലീകരണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചു.
1992ൽ വേൾഡ് സൂ കോൺസർവേഷൻ സ്ട്രാറ്റജി എന്ന രേഖ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ രേഖ പ്രകാരം ലോകത്തെവിടെയുമുള്ള മൃഗശാലയിലെ ഓരോ മൃഗങ്ങൾക്കും ആവശ്യമായ ആവാസസ്ഥലം, വിസ്തൃതി എന്നിവ നിർണയിക്കപ്പെട്ടു. ആഗോളതലത്തിൽ അംഗീകരിച്ച പ്രസ്തുതരേഖ പ്രകാരം തൃശൂർ മൃഗശാലയുടെ വിസ്തൃതി ഒരിക്കലും പര്യാപ്തമായിരുന്നില്ല. 1995നു മുമ്പ് നിർദിഷ്ട സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ആഗോളതലത്തിലും ദേശീയതലത്തിലും നൽകുന്ന അംഗീകാരവും സാമ്പത്തിക സഹായങ്ങളും നഷ്ടപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ് ഫ്രണ്ട്‌സ് ഓഫ് സൂ പ്രവർത്തനങ്ങൾ സജീവമാക്കിയതെന്നും അദ്ദേഹം ഓർക്കുന്നു.