വടക്കാഞ്ചേരി : മച്ചാട് വനമേഖലയിൽ വീണ്ടും ചന്ദന കൊള്ളക്കാരുടെ വിളയാട്ടം. റേഞ്ച് ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള അസുരൻകുണ്ട് വനമേഖലയിൽ നിന്ന് മൂന്ന് മരം മുറിച്ചുമാറ്റാനുള്ള ശ്രമം വനപാലകരുടെ ഇടപെടലിനെ തുടർന്ന് വിഫലമായി. വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ളതാണ് അസുരൻകുണ്ട് വനമേഖല. 32 ഇഞ്ച് വലുപ്പമുള്ള മരങ്ങളാണ് കടത്താൻ നോക്കിയത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനോദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം വനപരിശോധന നടത്തുന്നതിനിടയിലാണ് മരം മുറി ശ്രദ്ധയിൽപെട്ടത്. ഇതോടെ കൊള്ളക്കാർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണമാരംഭിച്ചു. സംരക്ഷിത വനമേഖലയാണെങ്കിലും കൊള്ളക്കാരുടെ വിഹാരകേന്ദ്രമാണ് ഇവിടം. 650ഓളം ചന്ദനമരങ്ങൾ ഈ മേഖലയിലുണ്ട്. ഭൂരിഭാഗത്തിനും വനം വകുപ്പ് നമ്പർ ഇട്ടിട്ടുണ്ട്. നമ്പർ ഇല്ലാത്ത മരങ്ങളും ഇവയ്ക്കിടയിലുണ്ട്. കഴിഞ്ഞ ജനുവരി 28ന് ആറ് മരങ്ങൾ മുറിച്ച് കടത്തിയിരുന്നു. പൂർണ്ണവളർച്ചയെത്തിയ നമ്പർ ഇട്ട മരങ്ങൾ മുറിച്ചുമാറ്റി നമ്പറിടാത്ത മരങ്ങളിൽ പകരം നമ്പർ രേഖപ്പെടുത്തുകയാണ് കൊള്ളക്കാരുടെ രീതി. കഴിഞ്ഞവർഷം മുറിച്ചുമാറ്റിയ ചന്ദനമരങ്ങളുടെ കുറ്റികളിൽ നിന്ന് കിളിർത്ത മരങ്ങളും അന്ന് കടത്തിയിരുന്നു.
പിന്നിൽ തമിഴ്നാട് സേലം സംഘം
മച്ചാട് വനമേഖലയിൽ ചന്ദനമരക്കൊള്ളയ്ക്ക് നേതൃത്വം നൽകുന്നത് കുപ്രസിദ്ധരായ തമിഴ്നാട് സേലം സ്വദേശികളാണെന്ന് നിഗമനം. 2023ൽ ചന്ദനക്കൊള്ള നടന്നപ്പോൾ വനംവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം 22 മരങ്ങളാണ് മുറിച്ചുമാറ്റിയതെന്ന് കണ്ടെത്തിയിരുന്നു. പൂർണ്ണ വളർച്ചയെത്താത്ത മരങ്ങളായിരുന്നു അത്. ഭൂരിഭാഗവും മുറിച്ച ശേഷം ഉപേക്ഷിച്ചു.
പുതുതായി ഒരു മരവും മുറിച്ചിട്ടില്ല. പ്രദേശത്ത് ശക്തമായ കാവലുണ്ട്. മരങ്ങൾ സംരക്ഷിക്കാൻ അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടക്കുന്നത്. നിരീക്ഷണം കൂടുതൽ ശക്തമാക്കും.
വനം വകുപ്പ്