കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം പുല്ലൂറ്റ് സൗത്ത് ശാഖയിൽ ഗുരുദേവന്റെ ജന്മനക്ഷത്ര ദിനത്തിൽ ഗുരുപൂജയും പ്രാർത്ഥനയും പ്രഭാഷണവും നടന്നു. ഗുരുപൂജയ്ക്ക് മംഗലത്ത് ബാലൻ ശാന്തി കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ ഗുരുവിനെയും ഗുരുവിന്റെ കൃതികളെയും ദർശനങ്ങളെയും കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശ്രീ നാരായണ പെൻഷനേഴ്‌സ് കൗൺസിൽ കൊടുങ്ങല്ലൂർ യൂണിയൻ കൺവീനർ ഷിയ വിക്രമാദിത്യൻ പ്രഭാഷണം നടത്തി.

വിവാഹിതയായ ഒരു സ്ത്രീക്ക് ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റയ്ക്ക് താമസിക്കേണ്ട സാഹചര്യം വരുമ്പാൾ അവർക്ക് ഒരു സ്ഥിര വരുമാനം ലഭിക്കും വിധമുള്ള ഒരു നിക്ഷേപബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ നിയമനിർമ്മാണം നടത്താൻ സംസ്ഥാന കേന്ദ്ര സർക്കാറുകൾക്ക് അപേക്ഷ സമർപ്പിക്കാൻ എസ്.എൻ.ഡി.പി യൂണിയൻ മുഖേന കേന്ദ്ര നേതൃത്വത്തിന് നിവേദനം നൽകണമെന്ന ശാഖാ മെമ്പർ പുളിക്കൽ നിജന്റെ പ്രമേയം അംഗീകരിച്ചു. ശാഖാ പ്രസിഡന്റ് സി.എസ്.തിലകൻ, വൈസ് പ്രസിഡന്റ് ധനീഷ് പുല്ലംകാട്ടിൽ, സെക്രട്ടറി പ്രസാദ് ചക്കുങ്ങൽ, വത്സല പ്രകാശൻ, മഞ്ജു ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, സുധി, പി.ജി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.