മാള : പൊയ്യ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 കോടി ചെലവഴിച്ചാണ് നടപ്പാക്കുന്നത്. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ് , കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ എന്നിവർ പ്രസംഗിച്ചു. കുഴൂർ പഞ്ചായത്തിലെ ആലമറ്റത്ത് പുഴയോട് ചേർന്ന് കിണറും മോട്ടോർ ഷെഡും നിർമ്മിക്കും. പദ്ധതിയുടെ ഭാഗമായി ജലശുദ്ധീകരണ പ്ലാന്റും ടാങ്കും സ്ഥാപിക്കാനായി പഞ്ചായത്ത് സ്ഥലം വാങ്ങി ജല അതോറിറ്റിക്ക് കൈമാറി.