കൊടുങ്ങല്ലൂർ: ആധുനിക കേരളം ജാതി പറയുന്ന കേരളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ.സുരൻ പറഞ്ഞു. കെ.പി.എം.എസ് കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ ജനറൽ കൗൺസിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് തിരുവനന്തപുരം പേരൂർക്കടയിൽ പട്ടികജാതി സമുദായംഗം ബിന്ദു നേരിട്ട ജാതീയ വിവേചനവും പീഡനങ്ങളും, കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച അനുരാഗിന്റെ നിയമനത്തെ തുടർന്ന് തന്ത്രിമാർ പൂജാദി കർമ്മങ്ങളിൽ നിന്ന് മാറിനിൽക്കുമെന്നുള്ള വെല്ലുവിളിയും ജാതിയും അത് മുന്നോട്ട് വയ്ക്കുന്ന സവർണ്ണ ബോദ്ധ്യങ്ങളുമാണെന്ന് പി.എൻ.സുരൻ കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റി അംഗം ശാന്ത ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സന്ധ്യാ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ കെ.ബി.ഉത്തമൻ, മനോജ് തെക്കേമറ്റത്തിൽ, എ.വി.സേതു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : കെ.ബി.ഉത്തമൻ (പ്രസി.), മനോജ് തെക്കേമറ്റത്തിൽ (സെക്ര.), സി.എ.സത്യൻ (ഖജാൻജി), എം.ജി.കൃഷ്ണകുമാർ (വൈസ് പ്രസി.), എ.വി.സേതു (അസി. സെക്രട്ടറി).