
തൃശൂർ: നഗരത്തിനടുത്ത് പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം. ഇരുമ്പ് കൊണ്ടുള്ള ആയുധം ഉപയോഗിച്ച് തകർത്ത് മോഷണശ്രമം. ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വാതിൽ തുറന്ന് അകത്തുകടന്ന മോഷ്ടാവ് ആയുധം ഉപയോഗിച്ച് എ.ടി.എം. മെഷീൻ തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു. പ്രൊഫഷണൽ മോഷണ സംഘമല്ലെന്നാണ് പൊലീസിന്റെ നിഗമനം.
മുഖംമൂടി ധരിച്ചെത്തിയ യുവാവിന് ഏകദേശം 35-40 വയസ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രത്തെ പിന്തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെ മോഷ്ടാവിനെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് ഡി.ഐ.ജി. എസ്.ഹരിശങ്കർ കേരളകൗമുദിയോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചത്.
വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞവർഷം തൃശൂരിലെ മൂന്നിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. അന്ന് എൻകൗണ്ടറിലൂടെയാണ് പ്രതികളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം, തൃശൂർ - ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലായിരുന്നു അന്ന് മോഷണം നടന്നത്.