മുളങ്കുന്നത്തുകാവ് : ഡയാലിസിസ് രോഗികളുടെ ക്രമാതീതമായ വർദ്ധനവ് കണക്കിലെടുത്ത് ഗവ:മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ഡയാലിസിസ് സെന്റർ സ്ഥാപിക്കും.സെന്റർ സ്ഥാപിക്കുന്നതിന് സാധ്യത പഠനം നടത്താൻ ആശുപത്രി വികസന സമിതി ജനറൽബോഡി യോഗത്തിൽ തീരുമാനിച്ചു. എച്ച്.ഡി.എസിന് കീഴിൽ ഡയാലിസിസ് സെന്റർ സ്ഥാപിക്കാൻ ഡോക്ടർമാരുടെ സബ് കമ്മറ്റി രൂപികരിച്ച് ഉപകരണങ്ങളുൾപ്പെടെ ചെലവുകളും രോഗികളുടെ വർദ്ധനവും വിലയിരുത്തി റിപ്പോർട്ട് സമ്മർപ്പിക്കും. മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിച്ച് ശമ്പളം ഏകീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. കെ.രാധാകൃഷ്ണൻ എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ , ലീല രാമകൃഷ്ണൻ,തങ്കമണി ശങ്കുണ്ണി,ഡോ.കെ.ബി.സനൽകുമാർ, ഡോ.എം. രാധിക, ഡെപ്യൂട്ടി സുപ്രണ്ട് ഡോ.പി.വി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
വാക്കുതർക്കം ഇറങ്ങിപ്പോക്ക്
ആശുപത്രി വികസന സമിതി ഡ്രൈവർമാരുടെ നിയമനം നീട്ടുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിയോഗത്തിൽനിന്ന് എച്ച്.ഡി.എസ് അംഗങ്ങൾ ഇറങ്ങിപ്പോയി.
അംഗങ്ങളായ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്. ആദാനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തഗം പി.വി. ബിജു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, കെ.ഡി.പി ജില്ലാ പ്രസിഡന്റ് റോയ് പെരിഞ്ചേരി എന്നിവരാണ് വാക്കുതർക്കത്തെ തുടർന്ന് ഇറങ്ങിപ്പോയത്.