
തൃശൂർ: പൂങ്കുന്നത്ത് എ.ടി.എം തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ കുരിയച്ചിറയിലെ ജ്വല്ലറി മോഷണത്തിനിടെ പിടിയിൽ. കോർപറേഷൻ ഇലക്ട്രിക്കൽ സെക്ഷനിലെ താത്കാലിക ലൈൻമാൻ പേരാമംഗലം ഗാന്ധി നഗർ ജിന്റോയാണ് (25) പിടിയിലായത്. കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറക്കാൻ ശ്രമിച്ചത്. അലാറം അടിച്ചതിനെത്തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
ഇന്നലെ ജ്വല്ലറിയുടെ പിറകിലെ ഗ്രിൽ, ഇലക്ട്രിക്കൽ കട്ടർ ഉപയോഗിച്ച് അറുത്ത് ടോയ്‌ലെറ്റ് വെന്റിലേറ്ററിന്റെ കമ്പി മുറിച്ചാണ് അകത്തുകടന്നത്. ഈ സമയം അപകട അലാറം അടിച്ചതിനാൽ മോഷണശ്രമം പരാജയപ്പെട്ടു. അലാറം കേട്ട് ജ്വല്ലറി ഉടമ മൊബൈലിൽ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് യുവാവിനെ കണ്ടതും പൊലീസിൽ വിവരം അറിയിച്ചതും. നെടുപുഴ പൊലീസും ജ്വല്ലറി ഉടമയുമെത്തി മുൻവാതിൽ തുറന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് അഞ്ചുലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നും തിരിച്ചടയ്ക്കാനായാണ് ഞായറാഴ്ച പുലർച്ചെ എ.ടി.എമ്മിലും ഇന്നലെ പുലർച്ചെ ജ്വല്ലറിയിലും മോഷണത്തിന് ശ്രമിച്ചതെന്നുമാണ് വിവരം. ലൈൻമാനായതിനാൽ കൈയിലുണ്ടായിരുന്ന ഇലക്ട്രിക്കൽ കട്ടർ ഉപയോഗിച്ചാണ് കമ്പികൾ അറുത്തുമാറ്റിയത്. ജിന്റോയെ പിടികൂടിയതോടെ മുഖംമൂടി അണിഞ്ഞ് പൂങ്കുന്നത്ത് മോഷണശ്രമം നടത്തിയ ദൃശ്യവും കൂടി ഒത്തുനോക്കിയപ്പോഴാണ് രണ്ടും ഒരാളാണെന്ന് തിരച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ ജിന്റോ കുറ്റസമ്മതം നടത്തിയതായി എ.സി.പി സുരേഷ് പറഞ്ഞു.