sou
കാട്ടനകൾ വനം വകുപ്പ് സ്ഥാപിച്ച സൗരവേലിമരം മറിച്ചിട്ട് തകർത്ത നിലയിൽ

ചേലക്കര: മലയോര വനമേഖലകളിലെ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് സ്ഥാപിച്ച ആന അലാറാം മുഴങ്ങിയില്ല, സുരക്ഷാ സംവിധാനങ്ങൾ തകർത്ത് കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ.
സൗരവൈദ്യുത വേലികളും തകർത്താണ് തോന്നൂർക്കര തോട്ടേക്കോട് മേഖലയിൽ കാട്ടാനകൾ ഇറങ്ങിയത്. ചേലക്കര നിയോജക മണ്ഡലത്തിലെ ആറ്റൂർ, പഴയന്നൂർ, ചേലക്കര എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു എലിഫന്റ് ആൻഡ് വൈൽഡ് ലൈഫ് റിപ്പല്ലന്റ് അലാറം സജ്ജീകരിച്ചത്. പ്രദേശത്തെ കാർഷിക വിളകളായ കവുങ്ങ്, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയെല്ലാം ആനകൾ നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ശല്യത്തെ തുടർന്ന് കർഷകർ കൃഷികൾ പലതും ഉപേക്ഷിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എളനാട് മേഖലയിൽ ആന ഇറങ്ങുന്നുണ്ട്. വനം വകുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ തകർത്ത് കാട്ടാനകൾ ഇറങ്ങുന്നതിന്റെ ഭീയിലാണ് നാട്ടുകാർ.

ആശങ്കയൊഴിയാതെ വടക്കാഞ്ചേരിയും

വടക്കാഞ്ചേരി: നഗരസഭയിലെ മാരാത്ത്കുന്ന് - അകമല - കുഴിയോട് മേഖലയും കാട്ടാന ഭീതിയിൽ. വീടുകൾക്ക് സമീപം അഞ്ച് ആനകൾ ഒത്തിച്ചെത്തിയാണ് നാശം വിതയ്ക്കുന്നത്. തെങ്ങ്,കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചു.
വെള്ളാങ്കണ്ടത്തിൽ ഗോവിന്ദൻകുട്ടി, പാറയിൽ വിനോദ് എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപക നാശം. ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിൽ 2000 വാഴകൾ, 100 കവുങ്ങ്, 350 റബ്ബർ മരങ്ങൾ എന്നിവ നശിപ്പിച്ചു. രണ്ടര വർഷമായി തുടരുന്ന കാട്ടാന ഭീതിക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.