1
1

പുല്ലൂർ : ചുറ്റുമതിൽ തകർന്ന് മൂന്ന് വർഷമാകുമ്പോഴും സംരക്ഷിക്കാൻ ആരുമില്ലാതെ നാശോന്മുഖമായി കൊണ്ടിരിക്കയാണ് മുരിയാട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തുറവൻകാട് മുടിച്ചിറ. പഞ്ചായത്തിലെ 13, 14, 15, 16 വാർഡുകളിലെ പ്രധാന ജലസ്രോതസാണ് തുറവൻകാട് മുടിച്ചിറ. 2022 മേയ് 14നുണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്. അതിനു മുൻവർഷവും ഈ ചിറയുടെ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. നാല് വശവും ഇടിഞ്ഞു വർഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 2019-20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്. 2021 ഏപ്രിൽ മാസത്തോടെ ജോലികൾ ആരംഭിച്ചെങ്കിലും വർഷക്കാലമായതോടെ ചിറയുടെ റോഡിനോട് ചേർന്ന ഭാഗം ഇടിയുകയായിരുന്നു. തുറവൻകാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസപ്പെട്ടു. പിന്നീട് പണികൾ പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. തകർന്ന സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ടുയർത്തിയില്ലെന്ന പരാതി ഉണ്ടായിരുന്നു. നവീകരണത്തിന്റെ പേരിൽ ചിറയിൽ നിന്നും എടുത്ത മണ്ണ് സ്വകാര്യ വ്യക്തിക്ക് നൽകിയതിനെപ്പറ്റിയും പരാതിയുയർന്നിരുന്നു. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ തുറവൻകാട് മുടിച്ചിറ സംരക്ഷിക്കണമെന്ന ജനകീയ ആവശ്യം ശക്തമാകുകയാണ്.

അവഗണനയ്‌ക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം

മുടിച്ചിറയെ അവഗണിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ കോൺഗ്രസ് 14-ാം വാർഡ് കമ്മിറ്റി യോഗം തീരുമാനിച്ചു. അശാസ്ത്രീയമായ നിർമ്മാണവും കെടുകാര്യസ്ഥതയുമാണ് സംരക്ഷണഭിത്തിയുടെ തകർച്ചയ്ക്ക് വഴിവച്ചതെന്ന് യോഗം ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ നിർമ്മാണം പൂർത്തികരിക്കാനോ സാധിച്ചില്ലെന്ന് മാത്രമല്ല ഇതിനായി ചെലവഴിച്ച മുൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷം രൂപയും ഉൾപ്പെടെ 74 ലക്ഷം രൂപ തിരിച്ചുപിടിക്കാനോ സാധിച്ചില്ല. യോഗം മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബൈജു കൂനൻ അദ്ധ്യക്ഷനായി. കെ.കെ.വിശ്വനാഥൻ, പി.ആർ.ബാബു, പി.എ.യേശുദാസ് എന്നിവർ സംസാരിച്ചു.

തുറവൻകാട് മുടിച്ചിറ

നാല് വാർഡുകളിലെ പ്രധാന ജലസ്രോതസ്

നവീകരണത്തിനായി ചെലവഴിച്ചത്- 74 ലക്ഷം

നവീകരണം ആരംഭിച്ചത്-2021 ഏപ്രിൽ മാസം