
തൃശൂർ: സീനിയർ സിറ്റിസൺസ് ഫോറം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന വാരാഘോഷം നടത്തി. സമാപനത്തിന്റെ ഭാഗമായി കളക്ടറേറ്റ് പടിക്കൽ വയോജന അവകാശ പ്രഖ്യാപനം നടത്തി. 70 കഴിഞ്ഞവർക്കുള്ള ആയുഷ് മാൻ ഭാരത് സൗജന്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ ഉടനടി നടപ്പാക്കുക, വയോജന പെൻഷൻ 5,000 രൂപയാക്കി വർദ്ധിപ്പിക്കുക, റെയിൽവേ കൺസെഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ഒമ്പത് അവകാശങ്ങൾ അടങ്ങിയ നിവേദനം കളക്ടർ വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സേതുമാധവൻ അദ്ധ്യക്ഷനായി. പ്രൊഫ. വി.എ.വർഗീസ്, സി.സി.ജോസ്, കെ.ഗോവിന്ദൻകുട്ടി മേനോൻ, പി.മുഹമ്മദ് ബാബു, ടി.ആർ.ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.