gathakatham

കൈപ്പറമ്പ്: മുണ്ടൂർ മുതൽ പുറ്റേക്കര വരെ ഭൂമി ഏറ്റെടുത്ത് വീതികൂട്ടിയ ശേഷം ചെയ്യേണ്ട ഡിവൈഡർ പണി ആദ്യം ചെയ്തത് വിനയായി. വാഹനങ്ങൾക്ക് കടന്നുപോകാനാവാതെ യാത്രക്കാർ വലഞ്ഞു. മുണ്ടൂർ സെന്ററിലെ ടാറിംഗ് പ്രവൃത്തികൾ കഴിഞ്ഞ രാത്രി മുതൽ ഇന്നലെ രാവിലെ വരെ തുടർന്നു. ഡിവൈഡർ വന്നതുമൂലം ഒരു ബസ് പോകുമ്പോൾ എതിരെ വരുന്ന ബസിനോ ലോറികൾക്കോ സൈഡ് കൊടുക്കാനുള്ള വീതി ഈ കുപ്പിക്കഴുത്ത് മേഖലയിൽ ഇല്ല. അതുകൊണ്ടുതന്നെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെ ബൈക്ക് യാത്രക്കാരനു പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിൽ തീർക്കേണ്ട പണികൾ രാവിലെയും തുടർന്നതാണ് ഇത്രയും വലിയ കുരുക്കിന് ഇടയായത്. കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സ്വകാര്യ ബസ് ഡിവൈഡർ മുറിച്ച് കടന്നു പോകേണ്ട അവസ്ഥയുണ്ടായി. റോഡ് പണിക്ക് മുമ്പ് ഡിവൈഡർ നിർമ്മിച്ചത് ഡിവൈഡറിന്റെ ഉയരം കുറയാനും കാരണമായെന്ന് ആക്ഷേപമുണ്ട്.

റോഡ് വീതി കൂട്ടിയെടുക്കൽ നടപടി പൂർത്തിയാകുന്നതിന് മുൻപ് ഈ മേഖലയിൽ ഡിവൈഡർ വന്നാൽ ഗതാഗതത്തിന് തടസമാകുമെന്ന് മുൻപേ സൂചിപ്പിച്ചിരുന്നു. അത് ഇപ്പോൾ നേർക്കാഴ്ചയായി മാറി.

- സി.വി.കുര്യാക്കോസ്,​ മുൻ ബ്ലോക്ക് പ്രസിഡന്റ്.