അത്താണി: ഗവ. മെഡിക്കൽ കോളേജ് അങ്കണത്തിൽ 33 കെ.വി സബ്‌ സ്റ്റേഷനും സെക്ഷൻ ഓഫീസും സ്ഥാപിക്കുന്നതിന് നടപടി. 20 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. 1,02,516 രൂപയാണ് വാർഷിക പാട്ടനിരക്ക്. ഇ.വി ചാർജിംഗ് സ്റ്റേഷനും ഈ ഭൂമിയിൽ സ്ഥാപിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച്‌ നേത്തെ ഉത്തരവിറക്കിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യുതി ആവശ്യം വർദ്ധിച്ചുവരികയാണ്. നിർമ്മാണം പുരോഗമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, അമ്മ കുട്ടി ബ്ലോക്ക് എന്നിവയുടെ പ്രവർത്തനത്തിനും അധിക വൈദ്യുതി ആവശ്യം വരും.

മെഡിക്കൽ കോളേജിൽ കിഫ്ബി ധനസഹായത്തോടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ സിവിൽ വർക്കുകൾ 35 ശതമാനവും അമ്മ കുട്ടി ബ്ലോക്കിന്റെ 45 ശതമാനവും പൂർത്തീകരിച്ചു. വൈദ്യുതി വർദ്ധന നിറവേറ്റുന്നതിനായി സമയബന്ധിതമായി സബ്‌ സ്റ്റേഷൻ നിർമ്മിക്കും - സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ