അന്തിക്കാട്: അന്തിക്കാട് ഗവ. എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം നാളെ രാവിലെ 11ന് സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 75 ലക്ഷം രൂപ ചെലവഴിച്ച് 2400 സ്‌ക്വയർ ഫീറ്റിലാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അദ്ധ്യക്ഷയാകും. മുൻ രാജ്യസഭാംഗം ബിനോയ് വിശ്വം, മുൻമന്ത്രി കെ പി രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. കെ.കെ.ശശിധരൻ, വി.എൻ.സുർജിത്ത്, പി.എസ്.സുജിത്ത്, സി.കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.
2021ൽ ശോചനീയാവസ്ഥയിലായിരുന്ന സ്‌കൂളിനെ പൂർവ വിദ്യാർത്ഥിയും മുൻമന്ത്രിയുമായ കെ.പി.രാജേന്ദ്രൻ സ്‌കൂളിൽ നേരിട്ടെത്തി ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.രാജേന്ദ്രൻ അന്നത്തെ രാജ്യസഭാംഗമായിരുന്ന ബിനോയ് വിശ്വത്തെ സമീപിക്കുകയും എം.പിയുമായി ചർച്ച നടത്തുകയും ചെയ്തതിനെ തുടർന്ന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് പുതിയ ഓഡിറ്റോറിയം നിർമ്മിച്ചത്. സ്‌കൂളിന്റെ കിഴക്ക് ഭാഗത്ത് സി.സി.മുകുന്ദൻ എം.എൽ.എയുടെ ഒരുകോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന അക്കാഡമിക് ബ്ലോക്കിന്റെ അവസാനഘട്ട പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനാദ്ധ്യാപിക സി.വി.സീന, പി.ടി.എ പ്രസിഡന്റ് രാജീവ് സുകുമാരൻ, വൈസ് പ്രസിഡന്റ് എ.ബി.ബാബു, എം.പി.ടി.എ പ്രസിഡന്റ് ജൂലി ജോസഫ്, ഒ.എസ്.എ കൺവീനർ കെ.വി.രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.