മാള: ബിലിവേഴ്‌സ് ചർച്ച് ആശുപത്രിയിലെത്തിയ വയറിനുള്ളിൽ പഴുപ്പ് ബാധിച്ച രോഗിയ്ക്ക് റൈൽസ് ട്യൂബ് ഇട്ടത് തെറ്റായ രീതിയിലെന്ന് ചികിത്സാ പിഴവ് സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. ചികിത്സാ രേഖകളും വിവരങ്ങളും വിശദമായി പരിശോധിച്ച് വിദഗ്ദ്ധ സമിതി 2025 സെപ്തംബർ 23ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് കേസന്വേഷണം നടത്തുന്ന ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് കൈമാറി.
പൊയ്യ ഒറവൻതുരുത്തി വീട്ടിൽ മജുവിന്റെ ഭാര്യ ശ്രീമോൾ (45) ക്ക് ബിലിവേഴ്‌സ് ചർച്ച് ആശുപത്രിയിലെ ചികിത്സയ്ക്കിടെ പിഴവുണ്ടായി എന്നാണ് പരാതി. വയറുവേദനയും ഛർദ്ദിയും മൂലം 2025 ജൂൺ രണ്ടിന് വൈകിട്ട് പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും റഫർ ചെയ്ത് മാള ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ രോഗിയെ അർദ്ധരാത്രിയോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു.
വിദഗ്ദ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ. ചെറുകുടലിൽ ദ്വാരം വീണതുമൂലം വയറിനുള്ളിൽ പഴുപ്പ് ബാധിച്ചതായി സി.ടി സ്‌കാൻ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് രോഗിക്ക് റൈൽസ് ട്യൂബ് ഇടുന്നതിനിടെ പിഴവുണ്ടായി. ട്യൂബ് അന്നനാളം വഴിയല്ല, പാരിഞ്ചസ് തുളച്ച് ഇന്റേണൽ ജഗുലാർ വഴി ഹൃദയത്തിന്റെ വലത് അറയിൽ എത്തിയതായാണ് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രി രേഖകൾ സൂചിപ്പിക്കുന്നത്. റൈൽസ് ട്യൂബ് ഇട്ടതായും ഓസ്‌കൾട്ടേഷൻ നടത്തി സ്ഥാനം ഉറപ്പാക്കിയതായും രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്യൂബ് തെറ്റായ ദിശയിൽ എത്തിയതാണെന്ന് പിന്നീട് തെളിഞ്ഞതായി വിദഗ്ദ്ധ സമിതി നിരീക്ഷിച്ചു.