
കൊടുങ്ങല്ലൂർ : അഴീക്കോട് ഗവ: യു.പി സ്‌കൂളിലെ ശീതികരിച്ച ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസ് മുറികളിൽ എ.സി സ്ഥാപിച്ചത്. എറിയാട് പഞ്ചായത്തിലെ എ.സി ക്ലാസ് മുറികളുള്ള ആദ്യത്തെ വിദ്യാലയമായി അഴീക്കോട് ഗവ: യു.പി സ്‌കൂൾ മാറി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച സോളാർ യൂണിറ്റിന്റെ ശേഷി വർദ്ധിപ്പിച്ചാണ് എ.സി പ്രവർത്തിപ്പിക്കുന്നത്.
ഇപ്പോൾ രണ്ട് ക്ലാസുകളിലാണ് ശീതികരിച്ച സൗകര്യം ഒരുക്കിയത്. ഘട്ടം ഘട്ടമായി കൂടുതൽ ക്ലാസുകളിലേക്ക് എ.സി സ്ഥാപിക്കുന്നതിന് ഇത് സഹായകമാകും. നിലവിൽ മൂന്ന് കിലോവാട്ട് ഉൽപാദനശേഷിയുള്ള സോളാർപാനൽ 10 കിലോ വാട്ട് ആക്കിയാണ് ഉയർത്തുന്നത്. എ.സി സ്ഥാപിക്കൽ, ക്ലാസുകളിൽ ഗ്ലാസ് ഡോറും ജനലും സ്ഥാപിക്കൽ, സോളാർ സിസ്റ്റം, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി 10 ലക്ഷം രൂപയാണ് ചെലവ് ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ ഉദ്ഘാടനം നിർവഹിച്ചു. നജ്മൽ ഷക്കീർ അദ്ധ്യക്ഷനായി. പി.കെ.അസീം, സാറാബി ഉമ്മർ, പുഷ്‌കല ടീച്ചർ, മുഹമ്മദ് ഷെഫീഖ്, ഷിബിന, മഞ്ജു, മനുജ ടീച്ചർ എന്നിവർ സംസാരിച്ചു.