തൃശൂർ: നിക്ഷേപ സംഖ്യ കാലാവധി കഴിഞ്ഞ് തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ മാങ്ങാട്ടുകര സ്വദേശിനി വസന്തലക്ഷ്മി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലുള്ള ബ്ലൂ ഹെഡ്ജ് ഫിനാൻസ് ആൻഡ് ഗോൾഡ് ലോൺ മാനേജിംഗ് ഡയറക്ടർക്കെതിരെ വിധി വന്നത്. 1,00,000 രൂപയാണ് വസന്തലക്ഷ്മി നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞ് നിക്ഷേപ സംഖ്യ തിരിച്ചാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. നിക്ഷേപ സംഖ്യ തിരികെ നൽകാത്തത് വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി നിക്ഷേപ സംഖ്യ 1,00,000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരിക്കായി അഡ്വ.എ.ഡി.ബെന്നി ഹാജരായി.