sreejith

ചാലക്കുടി: റെയിൽവേയുടെ അലംഭാവം മൂലം യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി യുവതി രംഗത്ത്. കോടശ്ശേരിയിലെ മാരാങ്കോട് മുണ്ടോപ്പിള്ളി സുബ്രന്റെ മകൻ ശ്രീജിത്തിന്റെ (26) മരണം സംബന്ധിച്ചാണ് കായംകുളം സ്വദേശിനി സൂര്യ റെയിൽവേ പൊലീസിൽ പാരാതി നൽകിയത്. യുവാവിന്റെ വീട്ടുകാരും സംഭവത്തിൽ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പുലർച്ചെ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ വച്ചായിരുന്നു നെഞ്ചുവേദനയെ തുടർന്ന് ശ്രീജിത്ത് മരിച്ചത്. ഹൈദരാബാദിൽ നിന്ന് മുംബയ്-എറണാകുളം ഓഖ എക്‌സ്പ്രസിൽ വന്നതായിരുന്നു ശ്രീജിത്തും പ്രതിശ്രുത വധു സൂര്യയും. വടക്കാഞ്ചേരിയിൽ വച്ച് നെഞ്ചുവേദനയുണ്ടായ ശ്രീജിത്തിനെ അവിടെ ഇറക്കാൻ ടി.ടി.ആർമാർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. യുവാവിന് ഹൃദയാഘാതമാണെന്ന് സഹയാത്രികനായ ഒരു ഡോക്ടർ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചെങ്കിലും ടി.ടി.ആർ വഴങ്ങിയില്ലെന്നാണ് ആക്ഷേപം. മറ്റ് യാത്രക്കാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പിന്നീട് വിവരം മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ അറിയിക്കുകയും ട്രെയിൻ അവിടെ നിറുത്തുകയും ചെയ്തു. എന്നാൽ ആംബുലൻസ് പോലും തയ്യാറാക്കാതിരുന്ന സ്റ്റേഷൻ മാസ്റ്റർ ഇതിൽ ഇടപെട്ടില്ല. ഉടനെ ട്രെയിൻ പുറപ്പെടാൻ സിഗ്‌നൽ നൽകി. യുവതിയും സഹായികളായ ചിലരും ചേർന്ന് പാളത്തിൽ കയറിനിന്നാണ് ട്രെയിൻ ഉടനെ പോകുന്നത് തടഞ്ഞത്. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീജിത്തിന് സി.പി.ആർ നൽകി. ഏറെനേരം കഴിഞ്ഞ് ആംബുലൻസെത്തിയപ്പോഴേയ്ക്കും യുവാവ് മരിച്ചു. റെയിൽവേയുടെ ഗുരുതരമായ അലംഭാവം ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. ശ്രീജിത്തിന്റെ സംസ്‌കാരം നടത്തി. ആയുർവേദ തെറാപ്പിസ്റ്റാണ് ശ്രീജിത്ത്. അമ്മ: ഉഷ. സഹോദരൻ: ശ്രീജിഷ്.