suicide

തൃശൂർ: സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളം മൂന്നാമത്. നാഷണൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്. സംസ്ഥാനത്ത് കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. തൊഴിലില്ലായ്മയും മാനസികപ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളും കടവും ലഹരിയുമൊക്കെ സാധാരണ കാരണങ്ങളാകുമ്പോൾ പട്ടിണി മൂലവും ആത്മഹത്യയുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

2023ൽ 13 പുരുഷന്മാരും മൂന്നു സ്ത്രീകളും പട്ടിണി മൂലം മരിച്ചു. ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാകാനുള്ള കുതിപ്പിനിടയിലാണ് ഈ കണക്ക് പുറത്തുവരുന്നത്. 2013 മുതൽ 2023 വരെ പട്ടിണി മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണത്തിൽ വന്നിട്ടുള്ള വലിയ കണക്കാണിത്. ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ 18നും 30നും ഇടയിലുള്ളവരാണ്. ലക്ഷത്തിൽ എത്ര പേർ എന്നത് കണക്കാക്കിയാണ് ആത്മഹത്യ നിരക്ക് നിശ്ചയിക്കുന്നത്. കൂട്ട ആത്മഹത്യയിൽ കേരളം രണ്ടാം സ്ഥാനത്താണ്. 17 കൂട്ട ആത്മഹത്യകൾ നടന്നു. 58 കൂട്ട ആത്മഹത്യകളോടെ തമിഴ്‌നാടാണ് മുന്നിൽ. തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയിൽ കേരളം രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ടയാണ് ഒന്നാം സ്ഥാനത്ത്. 49.6 ശതമാനത്തോടെ, ആൻഡമാൻ നിക്കോബാറാണ് ആത്മഹത്യയിൽ മുന്നിൽ. സിക്കിമാണ് രണ്ടാം സ്ഥാനത്ത്. 40.2 ശതമാനം.

മുന്നിൽ കൊല്ലം

കൊല്ലത്ത് 30 വയസിന് താഴെയുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതൽ. രാജ്യത്തെ എല്ലാ സിറ്റികളിലും നടന്ന ആത്മഹത്യാനിരക്ക് കണക്കാക്കിയതിൽ കൊല്ലത്തെ നിരക്ക് 48.6 ശതമാനമാണ്. രാജ്യത്തെ എല്ലാ സിറ്റികളിലെയും കൂടി ആത്മഹത്യാനിരക്ക് 58 % മാത്രമാണ്.

കേരളം ഒന്നാം സ്ഥാനത്തേക്ക്


2021ൽ 26.9 %

2022ൽ 28.5 %

2023ൽ 30.6%

2024ൽ 34%

ആത്മഹത്യയുടെ കാരണം

2021

പട്ടിണി 4

തൊഴിലില്ലായ്മ 122

ലഹരി 902


2022

പട്ടിണി 4

തൊഴിലില്ലായ്മ 117

ലഹരി 1047


2023

പട്ടിണി 16

തൊഴിലില്ലായ്മ 127

ലഹരി 1059

ആത്മഹത്യ ചെയ്തവർ


2021- 9549
2022- 10,162
2023- 10,972.

വിഷാദ രോഗങ്ങളിൽപെടുന്നവരും പ്രശ്‌നങ്ങൾ പരിഹരിക്കാൻ മനസിന് ശക്തിയില്ലാത്തവരുമാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ. മാനസികപ്രശ്‌നങ്ങൾ വരുമ്പോൾ പലരും ലഹരിക്കടിമകളാകുന്നു. അത് പിന്നീട് ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുന്നു. മനസ് തുറന്ന് സംസാരിക്കുന്നത് തന്നെയാണ് അഭികാമ്യം. എല്ലാവരും അവരവരിലേക്ക് ചുരുങ്ങുന്നത് ഇല്ലാതാക്കണം.

ഡോ.ഷൈനി ജോൺ
പ്രൊഫ.ആൻഡ് ഹെഡ്
സൈക്യാട്രി വിഭാഗം
അമല മെഡിക്കൽകോളജ്‌