കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത അനുവദിച്ചതായി അവകാശപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും രംഗത്ത്. എന്നാൽ ഇതു സംബന്ധിച്ച് യാതൊരുവിധ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് 864 ദിവസമായി സമരം ചെയ്യുന്ന എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നേതാക്കൾ വ്യക്തമാക്കി.
ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസിന്റെ പ്രസംഗത്തിന്റെ വീഡിയോ നവമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ച് ബി.ജെ.പിയും അടിപ്പാത യാഥാർത്ഥ്യമാക്കിയ സ്ഥലം എം.പിയായ ബെന്നി ബഹ്‌നാന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസുമാണ് രംഗത്തെത്തിയത്. ബി.ജെ.പി നഗരത്തിൽ ചെണ്ടമേളത്തോടെ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. സി.ഐ ഓഫീസ് സിഗ്‌നലിൽ അടിപ്പാത നിർമ്മിക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചെന്നും ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി മെമ്പർ വെങ്കിട്ട രമണിയുമായും ഡെപ്യൂട്ടി ജനറൽ മാനേജർ നവീനുമായി ചർച്ച തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പി.കെ.കൃഷ്ണദാസ് വീഡിയോവിൽ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞമാസം 18ന് എൽത്തുരുത്തിൽ നടന്ന കലുങ്ക് പരിപാടിയിൽ സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ ഇനി അടിപ്പാത വരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് വിവാദമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് എൽ.ഡി.എഫും എലിവേറ്റഡ് ഹൈവേ കർമ്മ സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. പരാമർശം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
ബെന്നി ബഹനാനോട് മറ്റൊരു നിവേദനം കൂടി കൊടുക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. ഇന്നലെ രാവിലെയാണ് ബെന്നി ബഹനാന്റെ ചിത്രം വെച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നിലപാടുകളെ നവമാദ്ധ്യമങ്ങളിൽ പരിഹസിക്കുന്നതും വിമർശിക്കുന്നതും കാണാമായിരുന്നു.

അഭിവാദ്യമർപ്പിച്ച് കോൺഗ്രസ്

സി.ഐ ഓഫീസ് സിഗ്‌നലിൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ ബെന്നി ബഹനാൻ എം.പിക്കും 680 ഓളം ദിവസമായി സമരരംഗത്തുണ്ടായിരുന്ന കർമ്മ സമിതിക്കും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യം. ജില്ല കോൺഗ്രസ് സെക്രട്ടറി ടി.എം.നാസർ, ഇ.എസ്.സാബു, പി.യു.സുരേഷ് കുമാർ, പി.വി.രമണൻ എന്നിവർ പ്രസംഗിച്ചു. കർമ്മ സമിതിയുടെ സമരങ്ങളെ പിന്തുണയ്ക്കാത്ത ബി.ജെ.പിയും അടിപ്പാത വരില്ലെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രിയും ജനങ്ങളോടെ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അടിപ്പാതയുടെ സാദ്ധ്യത നഷ്ടപ്പെടുത്തിയ നഗരസഭ ഭരണാധികാരികളും സമരക്കാരെ സന്ദർശിക്കുമെന്ന് പറഞ്ഞുപറ്റിച്ച പൊതുമരാമത്ത് മന്ത്രിയും എൽ.ഡി.എഫും അവകാശം ചമയുന്നത് നിറുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.