വടക്കാഞ്ചേരി : ഒരു ലോക തപാൽ ദിനാഘോഷം കൂടി കടന്നുപോകുമ്പോൾ അടച്ചുപൂട്ടലിന്റെ വഴിയിലാണ് പോസ്റ്റ് ഓഫീസുകൾ. ചുവന്ന പെട്ടികൾ വംശനാശത്തിന്റെ വക്കിലാണ്. ലാഭകരമല്ലാത്ത എല്ലാ പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടാനാണ് തീരുമാനം. സംസ്ഥാനത്ത് 300 പോസ്റ്റ് ഓഫീസുകൾക്ക് താഴ് വീഴും. വടക്കാഞ്ചേരി മുഖ്യ തപാൽ ഓഫീസിന് കീഴിൽ തിരൂർ, തിരുവില്വാമല (മലവട്ടം) പോസ്റ്റ് ഓഫീസുകൾ പൂട്ടാനാണ് ധാരണ. നഗര മേഖലയിൽ രണ്ട് കിലോമീറ്റർ ദൂരത്തിനിടയിൽ ഒന്നും ഗ്രാമീണ മേഖലയിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ ഒരു പോസ്റ്റ് ഓഫീസും മതിയെന്നാണ് പുതിയ തീരുമാനം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ആരംഭിച്ച ഈ സംവിധാനം വർത്തമാന കാലഘട്ടത്തിൽ അപ്രസക്തമാവുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകി പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചുപൂട്ടലെന്ന് അധികൃതർ പറയുന്നു. കോട്ടും കുടയും കൈനിറയെ കത്തുകളുമായി എത്തിയിരുന്ന പോസ്റ്റുമാൻമാർ ഇന്ന് പുതുതലമുറയ്ക്ക് കേട്ടുകേൾവി മാത്രമാണ്. പാഴ്‌സൽ സർവീസും സ്പീഡ് പോസ്റ്റുമൊക്കെയായി പോസ്റ്റ് ഓഫീസുകൾ മുഖംമാറുമ്പോൾ സന്ദേശങ്ങൾ മൊബൈൽ ഫോണിന്റെ കൊച്ചു സ്‌ക്രീനുകളിലേക്ക് ഒതുങ്ങുകയാണ്.
മുണ്ടത്തിക്കോട് തപാൽ ദിനാഘോഷം
ലോക തപാൽ ദിനം മുണ്ടത്തിക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ആഘോഷിച്ചു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റർ കെ.എച്ച്.ഹിരൻ, അസി.പോസ്റ്റ് മാസ്റ്റർ കെ.ബി.അഞ്ജു എന്നിവർ സംസാരിച്ചു.