തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തിരുവാഭരണം കൊള്ളയടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ക്ഷേത്ര സംരക്ഷണസമിതി സ്വകാര്യ ചാനലിൽ ആരോപണം ഉന്നയിച്ചതെന്ന് എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളിയും സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022ൽ പൂയത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ഉപദേവനായ മുരുകന് ചാർത്താറുള്ള രണ്ട് പവൻ തൂക്കമുളള മാല ചാർത്തുന്നതിന് അന്ന് അഡ്മിനിസ്‌ട്രേറ്റർ മേൽശാന്തിക്ക് കൈമാറിയിരുന്നു. പൂയം കഴിഞ്ഞാൽ അത് തിരിച്ച് ലോക്കറിൽ വയ്ക്കുകയാണ് പതിവ്. എന്നാൽ, ആ വർഷം ക്ഷേത്രത്തിൽ ആനയിടയുകയും അനിഷ്ടസംഭവങ്ങളും ഉണ്ടായി. ഉത്തരവാദിത്തപ്പെട്ടവരെല്ലാം അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി. ഇതിനിടയിൽ ശാന്തിക്കാർ അവരുടെ കസ്റ്റഡിയിൽ മാല വയ്ക്കുകയായിരുന്നു. പിന്നീട് ഇത് ലോക്കറിലേക്ക് മാറ്റാൻ വിട്ടുപോയി. എല്ലാ വർഷവും പൂയത്തിന് മാത്രം എടുക്കുന്നതിനാൽ അത് നോക്കാറില്ല. പിറ്റേ വർഷം പൂയത്തിന് ചാർത്താനായി എടുത്തപ്പോഴാണ് മാല കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. പൂയം കഴിഞ്ഞശേഷം വിഷയം ചർച്ച ചെയ്തിരുന്നു. അന്നത്തെ അഡ്മിനിസ്‌ട്രേറ്ററും മേൽശാന്തിയും ചേർന്ന് അതേ തൂക്കമുള്ള മാല പണികഴിപ്പിച്ച് സമർപ്പിക്കാൻ നിർദ്ദേശിച്ചു. അതുപ്രകാരം സമർപ്പിക്കുകയും ചെയ്തു.

മാല കാണാതായത് സംബന്ധിച്ച് ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഈ സംഭവങ്ങളെല്ലാം പൊതുയോഗത്തിൽ ചർച്ചയ്ക്ക് വയ്ക്കുകയും അംഗീകാരം നേടുകയും ചെയ്തിരുന്നു. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തി ക്ഷേത്രത്തിന് കളങ്കം വരുത്തുകയായിരുന്നുവെന്ന് ഭരണസമിതി കുറ്റപ്പെടുത്തി.

ക്ഷേത്രത്തിലെ അഞ്ചു പവന്റെ സ്വർണം ഉരുക്കി കൊള്ളയടിച്ചെന്നായിരുന്നു ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പി.എൻ.പ്രേംകുമാർ ആരോപിച്ചത്. പ്രേംകുമാറിനെതിരെ ജില്ലാ കളക്ടർ, റേഞ്ച് ഡി.ഐ.ജി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകാൻ ഇന്നലെ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചതായും ക്ഷേത്ര സംരക്ഷണ സമിതിക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
അസി.സെക്രട്ടറി കെ.ആർ.മോഹനൻ, വൈസ് പ്രസിഡന്റ് അനൂപ് പാമ്പുംകാട്ടിൽ, ട്രഷറർ ഉന്മേഷ്, ഭരണ സമിതി അംഗങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.