കൊടുങ്ങല്ലൂർ: ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത അനുവദിച്ചതായുള്ള അവകാശവാദങ്ങൾക്കിടയിലും എലിവേറ്റഡ് ഹൈവേ കർമ്മ സമിതി പാതയോരത്ത് നടത്തിവരുന്ന സായാഹ്ന സമരം ആവേശം ചോരാതെ തുടരുകയാണ്. വ്യാഴാഴ്ച സമരം 686 ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നേരത്തെയും ഇത്തരത്തിലുള്ള പ്രഖ്യാപനവും അവകാശവാദവും സമരസമിതി പ്രവർത്തകർ കേട്ടിട്ടുള്ളത് അവർ സ്മരിക്കുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രയപാർട്ടികളുടെ ഇപ്പോഴത്തെ അവകാശവാദത്തെയും സമരസമിതി അവഗണിക്കുകയാണ്. സഞ്ചാര പാത നിലനിർത്തണമെന്ന ആവശ്യവുമായി നാളേറെയായി സമരരംഗത്തുള്ള പ്രദേശവാസികൾ കേന്ദ്ര മന്ത്രിമാരുടേത് ഉൾപ്പെടെയുള്ള പ്രസ്താവനകൾ പലവട്ടം കേട്ടിട്ടുണ്ട്. അവകാശവാദം ഉന്നയിക്കുന്നവർ അതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും പുറത്തുവിടാത്തതും സമരക്കാർ വിശ്വാസിക്കാതിരിക്കാൻ കാരണമായി. പാർട്ടിക്കാരുടെ ആഹ്‌ളാദ പരിപാടികൾക്കിടയിലും വീട്ടമ്മമാരും വയോധികരും ഉൾപ്പെടുന്ന സമരക്കാർ പതിവുപോലെ സമരപന്തലിലേക്ക് വന്നു കൊണ്ടിരിക്കുന്നു.