അന്തിക്കാട്: കനത്ത മഴയിൽ മുങ്ങിയ വെളുത്തൂർ വാരിയം കോൾ പാടശേഖരത്തിലെ അടമ്പുംചാൽ വെള്ളമിറങ്ങിയതോടെ താറുമാറായി. റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത വിധം കല്ലും മണ്ണും വന്നടിഞ്ഞതായി കർഷകർ പറഞ്ഞു. കൃഷി ഭൂമിയിലടക്കം മണ്ണ് നിറഞ്ഞ് ദുരിതത്തിലെന്നും കർഷകർ. അടമ്പുംചാലിൽ പലയിടത്തും കൃഷിയിടത്തിലും മണ്ണിറങ്ങി കിടക്കുന്നുണ്ട്. ബണ്ട് റോഡിൽ ഇപ്പോൾ നടന്നു പോകാൻ പോലും ബുദ്ധിമുട്ടാണ്. കർഷകർക്ക് വാഹന സഞ്ചാരത്തിന് റോഡ് മുഴുവൻ തടസം നീക്കേണ്ടതുണ്ട്. വെള്ളമിറങ്ങിയിട്ടും കെ.എൽ.ഡി.സി അധികൃതർ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. ഈ മാസം 28ന് കൃഷിയിറക്കേണ്ട പടവാണിത്. പാടശേഖര സമിതിയുടെ ആവശ്യപ്രകാരം വാരിയംകോളിലും വിളക്കുമാടം പടവിലും അശാസ്ത്രീയമായി ഇട ബണ്ട് റോഡ് ഉയർത്തിപ്പണിതതിനെതിരെ ഒരു വിഭാഗം കർഷകർ പ്രതിഷേധിച്ചിരുന്നു. 650 മീറ്റർ നീളമുള്ള അടമ്പുംചാൽ ബണ്ട് റോഡ് 1.7 മീറ്ററാണ് ഉയർത്തി നിർമ്മിച്ചത്. ഇതുമൂലം മഴക്കാലത്ത് പാടശേഖരത്ത് എത്തുന്ന വെള്ളം ബണ്ടിന്റെ ഉയരക്കൂടുതൽ മൂലം കടന്നുപോവാൻ ആകാതെ ബുദ്ധിമുട്ടിലായിരുന്നു. സമീപത്തുള്ള വാരിയം കോൾപടവിലും അവസ്ഥ സമാനമായിരുന്നു. പാടശേഖരസമിതിയുടെ ആവശ്യപ്രകാരമാണ് കെ.എൽ.ഡി.സി ഇത്തരത്തിൽ ബണ്ട് നിർമ്മിച്ചത് എന്നായിരുന്നു ആക്ഷേപം. ബണ്ടിന്റെ നിർമ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി കെ.എൽ.ഡി.സിക്കെതിരെ വിജിലൻസിൽ പരാതിയും നിലവിലുണ്ട്. അടമ്പുംചാൽ ബണ്ടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ അഞ്ചും ആറും മീറ്റർ ഉയരത്തിൽ മണ്ണ് വന്നടിഞ്ഞ് കിടക്കുകയാണെന്ന് കർഷകർ പറഞ്ഞു.