ചാലക്കുടി: നഗരസഭയുടെ ആദ്യകാല ശ്മാശന ഭൂമിയിൽ ഇനി മുതൽ വയോജന ക്ഷേമ മന്ദിരം. പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഇപ്പോൾ ഉപയോഗമില്ലാതെ കിടക്കുന്നതുമായ ആര്യങ്കാല പൊതു ശ്മശാന ഭൂമിയാണ് വയോജനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നത്. ശ്മശാന ഭൂമിയിൽ ഒരു ഭാഗത്ത്് ആരംഭിച്ച പകൽവീടിന്റെ നിർമ്മാണം പൂർത്തിയാവുകയാണ്. പകൽ വീടിന്റെ അതിരുകൾ മതിൽ കെട്ടിത്തിരിച്ച് മറ്റൊരു പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്‌സൺ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർ ജോജി കാട്ടാളൻ, കൗൺസിലർ വത്സൻ ചമ്പക്കര, മുനിസിപ്പൽ എൻജിനിയർ ശിവപ്രസാദ് എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്ഥലത്തെത്തി.
പത്ത് സെന്റിൽ പകൽവീട്
പത്ത് സെന്റ് ഭൂമിയിലാണ് ഇനിമുതൽ വയോജനങ്ങൾക്ക് മാനസിക ഉല്ലാസങ്ങൾക്കും മറ്റും ഒത്തുചേരുന്നതിനുള്ള പകൽവീട് തയ്യാറാകുന്നത്. വാർഡ് സഭയുടെയും കൗൺസിലർ ജോജി കാട്ടാളന്റേയും ഇത് സംബന്ധിച്ച നിർദ്ദേശം നഗരസഭ കൗൺസിൽ ചർച്ച ചെയ്യുകയും പദ്ധതിക്ക് അംഗീകാരം നൽകുകയുമായിരുന്നു. പകൽവീട് നിർമ്മാണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു. വാർഡ് സഭകൾ ചേരുന്നതിനും കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ യോഗങ്ങൾ നടത്തുന്നതിനും സാദ്ധ്യമാകുന്ന രീതിയിലാണ് പകൽ വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
പഞ്ചായത്തായിരുന്ന കാലത്ത് ആര്യങ്കാല
ചാലക്കുടി പഞ്ചായത്തായിരുന്ന കാലം മുതൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നത് ആര്യങ്കാല ശ്മശാനത്തിലായിരുന്നു.
നഗരസഭ ദേശീയപാതയോരത്ത് ഗ്യാസ് ക്രിമറ്റോറിയം നിർമ്മിച്ചതോടെ ആര്യങ്കാലയിൽ മൃതദേഹ സംസ്‌കാരം പേരിന് മാത്രമായി. വിരലിലെണ്ണാവുന്ന സംസ്‌കാരം മാത്രമാണ് പിന്നീട് ഇവിടെ നടന്നത്. ഇതിനായി 30 സെന്റ് സ്ഥലം ആവശ്യമില്ലെന്നത് കൂടി കണക്കിലെടത്താണ് പുതിയ തീരുമാനം.