വടക്കാഞ്ചേരി : കുടിശിക നൽകാത്തത് മൂലം വാതിൽപ്പടി വിതരണക്കാർ സമരം തുടങ്ങിയതോടെ തലപ്പിള്ളി താലൂക്കിൽ റേഷൻ വിതരണം നിലച്ചു. റേഷൻ കടകളിലേക്കും നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് (എൻ.എഫ്.എസ്.എ) ഗോഡൗണുകളിലേക്കുമുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങി. ഒക്ടോബർ മാസത്തെ വിതരണത്തിന് മിക്ക റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങൾ സ്‌റ്റോക്കില്ല. സംസ്ഥാനം മുഴുവൻ ഇതാണ് സ്ഥിതിയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഈ മാസത്തെ വിതരണം നാല് മുതലാണ് ആരംഭിച്ചത്. മഹാനവമി, ഗാന്ധി ജയന്തി, ഇ-പോസ് അപ്‌ഡേഷൻ എന്നിവയ്ക്കായി ഒന്ന് മുതൽ മൂന്ന് വരെ കടകൾ അവധിയായിരുന്നു. ഓണക്കാലത്ത് ബാക്കി വന്ന റേഷൻ സാമഗ്രികൾ ഈ മാസത്തെ വിതരണത്തിനായി നീക്കിവച്ചിരുന്നു. ഇതൊക്കെ ആദ്യ ദിനങ്ങളിൽ തീർന്നു. വെള്ള പച്ചരികളും ആട്ടയും ഒരു കടയിലും സ്റ്റോക്കില്ല. റേഷൻ വാങ്ങാൻ എത്തുന്നവർ നിരാശയോടെ തിരിച്ച് പോകുന്ന സാഹചര്യമാണ്. ലക്ഷങ്ങളുടെ കുടിശികയാണ് വാതിൽപ്പടി ജീവനക്കാർക്കുള്ളത്. ഓരോ മാസവും സമരം ചെയ്യുമ്പോൾ എന്തെങ്കിലും നൽകി പ്രശ്‌നം അവസാനിപ്പിക്കുകയാണ് പതിവ്. സമരം നീണ്ടാൽ വിതരണം സ്തംഭിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പിടിച്ചുവയ്ക്കുന്നത് തിരികെ നൽകുന്നില്ല
വാതിൽപ്പടി വിതരണക്കാരിൽ നിന്ന് 10 ശതമാനം തുക ഓരോ മാസവും പിടിച്ചുവയ്ക്കുന്നത് പിന്നീട് നൽകാറാണ് പതിവ്. ഒരു കൊല്ലമായിട്ട് പിടിച്ചുവയ്ക്കുന്ന പണം തിരിച്ചുനൽകുന്നില്ല. തലപ്പിള്ളിയിൽ പ്രതിമാസം 25 ലക്ഷം രൂപയാണ് വാതിൽപ്പടി വിതരണത്തിന് നൽകുന്നത്. മാസങ്ങളായി ഈ തുക കുടിശികയാണ്. എല്ലാ മാസവും അഞ്ച് മുതൽ ഒമ്പതു വരെ തീയതികളിലാണ് വാതിൽപ്പടി വിതരണം നടക്കുന്നത്.
തലപ്പിള്ളി താലൂക്ക്